സിംഗപ്പൂര്‍: ബാഡ്മിണ്റണില് ലോക രണ്ടാം നമ്പര്‍ വനിതാ ഡബിള്‍സ് ജോഡികളായ ബയേക് ഹാ നാ- ലീ സോ ഹീ സഖ്യത്തെ തോല്‍പ്പിച്ച് ഭാരതത്തിന്റെ ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യം. സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്നലെ നേടിയ ഈ അട്ടിമറി വിജയത്തിലൂടെ ഭാരത സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
കോമണ്‍വെല്‍ത്ത് വെങ്കല മെഡല്‍ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിലാണ് വിജയം പിടിച്ചെടുത്തത്. സ്കോര്‍ 21-9, 14-21, 21-15
ലോക റാങ്കിങ്ങില്‍ 30-ാം സ്ഥാനത്താണ് ട്രീസ-ഗായത്രി സഖ്യം. ലോക രണ്ടാം നമ്പര്‍ ജോഡികളായ കൊറിയന്‍ സഖ്യത്തിനെതിരെ ഇരുവരും ആദ്യമായാണ് വിജയിക്കുന്നത്. കൊറിയയുടെ ബയേക്-ലീ സഖ്യത്തിന് പറ്റിയ പിഴവുകള്‍ മുതലെടുത്തുകൊണ്ടാണ് ട്രീസ-ഗായത്രി സഖ്യം മുന്നേറിയത്. ആദ്യ ഗെയിമിന്റെ ഒരുവസരത്തില് 18-9ന് ആധിപത്യം പുലര്‍ത്തി. രണ്ടാം ഗെയിമില്‍ പക്ഷെ കണിശത കുറച്ച ശൈലി ഭാരത സഖ്യം പയറ്റിയതോടെ എതിരാളികള്‍ മുന്നേറി. ഒടുവില്‍ വിജയിയെ നിര്‍ണയിക്കാന്‍ മൂന്നാം ഗെയിമിലേക്ക് മത്സരം നീണ്ടു. ശക്തമായ സ്മാഷുകളുതിര്‍ത്ത് മുന്നിട്ടു നിന്നു. വാശിയോടെ പൊരുതിയ ട്രീസയും ഗായത്രിയും ഗെയിമും മത്സരവും സ്വന്തമാക്കിയാണ് കളം വിട്ടത്.
പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ കെന്റോ നിഷിമോട്ടോ ആണ് താരത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 21-13, 14-21, 21-15
വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന്റെ പി.വി. സിന്ധു തോറ്റ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ സ്പെയിനില്‍ നിന്നുള്ള കരുത്തന് താരം കരോലിന് മാരിന് ആണ് താരത്തെ തോല്‍പ്പിച്ചത്. മികച്ച മത്സരം പുറത്തെടുത്ത സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. സ്കോര്‍ 21-13, 11-21, 20-22
പ്രതികരിക്കാൻ ഇവിടെ എഴുതുക: