ഹോശിയാര്‍പൂര്‍(പഞ്ചാബ്): ഭരണഘടനയുടെ അന്തസിനെയും ആത്മാവിനെയും അപമാനിച്ചവരാണ് ഇന്‍ഡി മുന്നണിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബിലെ ഹോശിയാര്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, ഈ ദിവസം ഞാന്‍ പ്രതിജ്ഞ എടുക്കുന്നു, പിന്നാക്കക്കാരുടെ സംവരണത്തിന് മേല്‍ കൈവയ്ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല, മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിയുടെയും പാരമ്പര്യം ഭരണഘടനയെ അപമാനിക്കുന്നതാണ്. അവര്‍ ഭരണഘടനയെ അപമാനിച്ചു. ബാബാസാഹേബ് അംബേദ്കറിനെ അവഹേളിച്ചു. അവര്‍ ദളിതരുടെ സംവരണം കവര്‍ന്ന് മുസ്ലിങ്ങള്‍ക്ക് നല്കി. അവരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതുകൊണ്ടാണ് എന്നെ ശത്രുവായി കാണുന്നത്, മോദി പറഞ്ഞു.
കര്‍താര്‍പൂര്‍ സാഹിബിനുമേലുള്ള അവകാശം ഉറച്ചുപറയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിക്കാതെ പോയത് അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ്. വിഭജനകാലത്തുപോലും അവര്‍ വോട്ട്ബാങ്കിന് വേണ്ടിയാണ്, നാടിന് വേണ്ടിയല്ല നിലകൊണ്ടത്. ഇവര്‍ രാമക്ഷേത്രത്തെ തുടര്‍ച്ചയായി എതിര്‍ക്കുന്നതും വോട്ട് ബാങ്കിനെ ഭയന്നാണ്. അവര്‍ സിഎഎയെ എതിര്‍ക്കുന്നതും അതുകൊണ്ടാണ്, മോദി പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ആദംപൂര്‍ വിമാനത്താവളത്തിന് ഗുരു രവിദാസ്ജിയുടെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ചിലര്‍ ഭരണഘടനയുടെ പേരില്‍ മുറവിളി കൂട്ടുന്നു. 1984ലെ ആ ഇരുണ്ട നാളുകള്‍ രാജ്യം മറന്നിട്ടില്ല. സിഖ് സഹോദരന്മാരെ കൂട്ടത്തോടെ കൊന്നപ്പോള്‍, ജീവനോടെ ചുട്ടുകരിച്ചപ്പോള്‍ ഇവര്‍ക്ക് ഭരണഘടനാവിചാരം ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് അഴിമതിയുടെ മാതാവാണ്. ആപ്പ് ചേരേണ്ടവരോട് ചേര്‍ന്നു. അഴിമതിക്കാരുടെ കൂട്ടുമുന്നണിയാണത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: