ന്യൂദല്‍ഹി: പഞ്ചാബിലെ ഹോഷിര്പൂരില് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ ഭാരത രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ്. രാജ്യത്തിന്റെ നെടുകെയും കുറുകെയും മോദി നടത്തിയ യാത്രകള്‍, പങ്കെടുത്ത മഹാറാലികള്‍, അഭിമുഖങ്ങള്‍… എണ്ണം കൊണ്ടും പ്രസംഗങ്ങളുടെ ആഴം കൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്നു. തിരക്കേറിയെ പ്രചാരണപരിപാടികള്‍ അവസാനിപ്പിച്ച് മോദി കന്യാകുമാരിയിലെ ത്രിവേണീ സംഗമത്തില്‍, ശ്രീപാദപ്പാറയില്‍ ധ്യാനത്തിനായി എത്തുന്നു. പ്രസംഗവേദികളിലെയും മഹാറാലികളിലെയും ആരവം അവസാനിക്കുമ്പോഴും ചര്‍ച്ചകളില്‍ മോദി നിറയുകയാണ്.
ഭാരതത്തിന്റെ തെക്കന്‍ മുനമ്പില്‍, കിഴക്കും പടിഞ്ഞാറും അതിര്‍ത്തിരേഖകള്‍ സംഗമിക്കുന്നിടത്ത്, മഹാസാഗരങ്ങള്‍ ഒത്തുചേരുന്നിടത്ത് മോദി ധ്യാനത്തിനെത്തുന്നത് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ഏകത അടയാളപ്പെടുത്തുന്നതിന് കൂടിയാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണങ്ങളുടെ അവസാനം മോദി ചരിത്രപ്രസിദ്ധമായ കേന്ദ്രങ്ങളിലെത്തുന്നത് പതിവാണ്. 2014ല്‍ ഛത്രപതിയുടെ ശിവാജിയുടെ പ്രതാപ്ഗഢിലായിരുന്നുവെങ്കില് 2019ല്‍ പവിത്രമായ കേദാര്‍നാഥിലായിരുന്നു പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ മോദി.
മാര്‍ച്ച് 16ന് കന്യാകുമാരിയിലെ മഹാറാലിയില്‍ പങ്കെടുത്തുകൊണ്ട് മോദി ഇക്കുറി പ്രചാരണയാത്രകള്‍ക്ക് തുടക്കമിട്ടത്. 75 ദിവസം കൊണ്ട് റാലികളും റോഡ്ഷോകളുമടക്കം ഇരുന്നൂറിലേറെ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. വ്യത്യസ്ത മാധ്യമങ്ങള്‍ക്കായി അദ്ദേഹം എണ്‍പത് അഭിമുഖങ്ങള്‍ നല്കി. പ്രസംഗങ്ങളും അഭിമുഖങ്ങളും ആഴ്ചകളോളം ജനം ചര്‍ച്ച ചെയ്തു. മതം നോക്കിയുള്ള സംവരണം, സിഎഎ. അയോദ്ധ്യയിലെ രാമക്ഷേത്രം, 370- ാംവകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ എല്ലാ വിഷയങ്ങളും ജനം ഏറ്റെടുക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ബംഗാളിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് നിലനില്പിനായുള്ള മത്സരത്തിലാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ബംഗാളിലെ മാറ്റം കാണാനാവും. മൂന്ന് സീറ്റില്‍ നിന്ന് ജനങ്ങള്‍ ഞങ്ങളെ എണ്‍പത് സീറ്റിലെത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്, മോദി ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചാല്‍ ഭരണഘടന അട്ടിമറിക്കുമെന്ന കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മതസംവരണ പരിശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി മോദി മറുപടി നല്കി. കോണ്‍ഗ്രസിന്റെ മതേതരത്വ മുഖംമൂടി വലിച്ചുകീറി. ഭരണഘടന അട്ടിമറിക്കാനുള്ള ആദ്യനീക്കം നടത്തിയത് പണ്ഡിറ്റ് നെഹ്റുവാണെന്ന് അദ്ദേഹം ചരിത്രവസ്തുകകള് നിരത്തി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള ആദ്യ ഭേദഗതി കൊണ്ടുവന്നത് നെഹ്റുവാണെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥ അടിച്ചേല്പിച്ച് മകള്‍ ഇന്ദിരയും ഷാബാനോ കേസില്‍ അവരുടെ മകന് രാജീവും ഭരണഘടനയെ അട്ടിമറിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ പാസാക്കിയ ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ പരസ്യമായി വലിച്ചുകീറിയ ‘ഷെഹ്സാദ’ എന്ത് ഭരണഘടനാ മര്യാദയെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: