ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരനാണ് (76) ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. വിശ്വംഭരന്‍ എടുത്ത വിസി 490987 നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്. പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. ബുധനാഴ്ച രാത്രിയാണ് ലോട്ടറി അടിച്ചത് അറിഞ്ഞത്. ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാത്രി സുഖമായി ഉറങ്ങി, ഇനി മനഃസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമോ എന്നറിയില്ലെന്നും വിശ്വംഭരന്‍ പ്രതികരിച്ചു. സമീപവാസിയായ ജയലക്ഷ്മിയില്‍ നിന്നാണ് ലോട്ടറി എടുത്തത്. പതിവായി ലോട്ടറിയെടുക്കുമ്പോള്‍ ഇടയ്‌ക്കിടയ്‌ക്കൊക്കെ ചെറിയ സമ്മാനം അടിക്കുമായിരുന്നു.
ബംപര്‍ അടിച്ച വിവരം അറിഞ്ഞതിന് ശേഷം വീട്ടില്‍ പറഞ്ഞത് ചെറിയ ഒരു ലോട്ടറി അടിച്ചിട്ടുണ്ട്, നമ്മള്‍ക്ക് ചെറിയ രീതിയില്‍ ഒക്കെ ജീവിക്കാന്‍ പണമായെന്നാണ്. പിന്നെയാണ് സത്യം പറഞ്ഞത്. എല്ലാവര്‍ക്കും സന്തോഷമായി. ഇന്നലെ രാവിലെ ആലപ്പുഴ കൈതവനയിലെ തൃക്കാര്‍ത്തിക ഏജന്‍സിയിലെത്തി വിവരം പറഞ്ഞു. ഇങ്ങനെയാണ് മാധ്യമങ്ങളും പുറംലോകവും ബംപറിടിച്ച ഭാഗ്യവനെ തിരിച്ചറിഞ്ഞത്.
മാസത്തില്‍ ഇരുപതോളം ലോട്ടറിയെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതില്‍ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാന്‍ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരന്‍ പറഞ്ഞു. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണ് ലോട്ടറി അടിച്ചത്. പണം എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അനാവശ്യ ചെലവുകളോ ആഡംബരങ്ങളോ ശീലിച്ചിട്ടില്ല. ഒരു വീട് വയ്‌ക്കണമെന്ന് ആഗ്രഹമുണ്ട്. രണ്ട് പെണ്‍മക്കളുടെ ആവശ്യങ്ങള്‍ക്കും പണം വിനിയോഗിക്കും. തന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ മടിക്കില്ല. സിആര്‍പിഎഫില്‍ നിന്നും വിരമിച്ച വിശ്വംഭരന്‍ പിന്നീട് എറണാകുളത്ത് സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു. കൊവിഡിന് ശേഷം ജോലിക്ക് പോയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: