നെയ്യാറ്റിന്‍കര: ജന്മഭൂമി പ്രതിഭാസംഗമത്തെ അഭിമാനത്തോടെ ഏറ്റെടുത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും. അനുമോദിക്കലിനുമപ്പുറം തുടര്‍വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കങ്ങളും മുന്നോട്ടുള്ള പ്രയാണത്തിനുള്ള അറിവും കരുത്തും പകരുന്നതായി പ്രതിഭാസംഗമം. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും വിദഗ്ധരും നല്കിയ ക്ലാസുകളിലൂടെ ഭാവിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങളും ആത്മവിശ്വാസവുമായാണ് പ്രതിഭകള്‍ മടങ്ങിയത്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ നേടിയവരെ അനുമോദിക്കാന്‍ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം നെയ്യാറ്റിന്‍കര എസ്.എന്‍. ആഡിറ്റോറിയത്തില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ വിശദമാക്കിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകകര്ന്ന ഋഷിരാജ് സിങിന്റെ വാക്കുകളെ നിറകൈയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്.
കേരള യൂണിവേഴ്സിറ്റി ഡീനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. എ.എം. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഉദയ സമുദ്ര ഗ്രൂപ്പ് എംഡി ചെങ്കല്‍ രാജശേഖരന് നായര്‍ അധ്യക്ഷനായി. വിദ്യാഭ്യാസകാലത്തിലൂടെ സദാചാര ബോധവും സഹജീവികളോടുള്ള സ്നേഹവും വളര്‍ത്താനാകണമെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. സത്യം പറയുക എന്നതാണ് സദാചാരബോധത്തിന്റെ ആദ്യപടി. യുവാക്കള്‍ സത്യമേ പറയൂ എന്ന് ശഠിച്ചാല്‍ ലോകത്തെ മുഴുവന്‍ സത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനാകും. സഹജീവികളോടുള്ള സ്നേഹം നമ്മുടെ തീന് മേശയില്‍ നിന്നും ആരംഭിക്കണം. നമുക്കു ചുറ്റുമുള്ളവര്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കാനുള്ള മനസ് ഉണ്ടാകണം. അതാണ് ജന്മഭൂമി മുന്നോട്ടുവയ്ക്കുന്ന സദാചാരബോധവും സഹജീവി സ്നേഹവുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ നേടിയ 300ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്, ബിജെപി സംസ്ഥാന സമിതിയംഗം ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്, ആര്‍എസ്എസ് ഗ്രാമജില്ലാ സംഘചാലക് അരവിന്ദാക്ഷന് നായര്‍, ജന്മഭൂമി ബ്യൂറോ ചീഫ് അജി ബുധന്നൂര്‍, അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ അനില്‍കുമാര്‍, നെയ്യാറ്റിന്‍കര ലേഖകന്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉപരിപഠനത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള ക്ലാസുകളില്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ എ. പോള്‍സണ്‍, ബോധി എജ്യുക്കേഷന്‍ അക്കാദമി ഡയറക്ടര്‍ ഡോ. ആതിരകൃഷ്ണ, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഐസിസി കണ്‍വീനര്‍ ഡോ. റിമന് ഐസക്, നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ. കെ.എ. സജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അതിഥികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് അഭിമാനത്തോടെയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: