പായിപ്ര രാധാകൃഷ്ണന്
കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും പായാന്‍ ശേഷിയുള്ള ഒരു യന്ത്രാസുരന്റെ മുന്നിലിരുന്ന് അപ്പുണ്യേട്ടന് കൈകൂപ്പി എല്ലാം ശുഭമായി കലാശിക്കണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ‘എന്റമ്മോ’ എന്ന് വികെഎന്‍ മട്ടില്‍ വിളിച്ചുകൊണ്ട്, രണ്ടും കല്‍പ്പിച്ച് കാലപ്രവാഹത്തിന് കുറുകെ ഒരൊറ്റപ്പാച്ചില്‍…
സത്യം സത്യമായിട്ട് തെളിഞ്ഞുവരണേ എന്ന പ്രാര്‍ത്ഥനയോടെ മനസ്സില്‍ വിരലമര്‍ത്തി. പിറക്കാനിരിക്കുന്ന യന്ത്ര വിസ്മയജാലകത്തില്‍ സാക്ഷാല്‍ ചാണക്യന് ലൈനില്‍.
‘അര്‍ത്ഥശാസ്ത്രം’ ഇതള്‍ വിടര്‍ത്തി-‘സുരാദ്ധ്യക്ഷന്‍.’
-മദ്യം ഗ്രാമത്തിന് പുറത്തോ, ഒരു വീട്ടില്‍നിന്നും മറ്റൊരു വീട്ടിലേക്കോ കടത്തുവാന്‍ പാടില്ല. എല്ലാവരും പാനശാലയിലിരുന്നേ കഴിക്കാവൂ… (വീട്ടിലെബാറില്‍).
-പണിക്കൂലിയായി കിട്ടിയത് (ശമ്പളം/കിമ്പളം), പണയമായി ഏല്‍പ്പിച്ചത്, മോഷ്ടിച്ചത് എന്നിവയാല്‍ മദ്യപിക്കാന്‍ വരുന്നവരെയും, വരവില്ലാതെ ചെലവാക്കുന്നവനേയും പാനശാലയുടെ പുറത്തു വച്ചേ മടക്കി അയയ്ക്കണം.
-അപ്പോള്‍ പിന്നെ ബാറുകള്‍ അടയ്ക്കുന്നതായിരിക്കും ഭേദം. ഐടി ഹബ്ബിലും സംഗതി സാധ്യമല്ലല്ലോ?
വേറൊരു വകുപ്പുണ്ട്. ഉത്സവങ്ങള്‍, യാത്രകള്‍, സമാജങ്ങള്‍ എന്നിവയില്‍ നിശ്ചിത ദിവസങ്ങള്‍ കുടിക്കാന്‍ അനുവദിക്കാവുന്നതാണ്.
-ഭാഗ്യം! നാലാള് കൂടുന്നിടത്തൊക്കെ ആവാമെന്ന് വ്യംഗ്യം!
ചാണക്യന് നിഷ്ക്രമിച്ചു. വൈകാതെ ആദി ചെത്തുകാരനായ സാക്ഷാല്‍ വയനാട്ടു കുലവന് സ്ക്രീനില്‍ തെളിഞ്ഞു. പരമശിവന്റെ പേഴ്സനല്‍ ചെത്തുകാരന് കുലവനെ ഭഗവാന് തന്നെയാണ് ഭൂമി മലയാളത്തിലേക്ക് നിയോഗിച്ചത്. നായാട്ടും മീന്‍പിടിത്തവുമായി കഴിഞ്ഞു. ഭഗവാനത് പിടിച്ചില്ല. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കയ്യിലെ ചൂട്ടെടുത്ത് വലിച്ചെറിഞ്ഞു. ആദി പറമ്പില്‍ കണ്ണനാണ് പീഠം നല്കി വരവേറ്റത്. കാലം മാറി, കഥമാറി. ഘോഷയാത്രകള്‍ക്കു മുന്നില്‍ കോലം കെട്ടാനാണ് ഇന്ന് വിധി. പൊന്നുതമ്പുരാന് മദ്യം വിളമ്പിയതുമുതല്‍ തുടങ്ങിയതാണീ ദുരന്തങ്ങള്‍. തെങ്ങിന് മുകളില്‍ നേരിട്ട് കയറിയാലും നല്ല കള്ളു കിട്ടാനില്ലാത്ത വല്ലാത്ത കാലം!
നിന്ന നില്പ്പില് വയനാട്ടു കുലവന് പിന്‍വാങ്ങി.
നായന്മാര് തലയില്‍ മുണ്ടിട്ട് പോകുന്ന കാലത്ത് കള്ളുഷാപ്പു നടത്തിയ പിതാവിന്റെ പ്രശസ്തനായ പുല്ലുവഴിക്കാരന് പുത്രന് പരലോകത്തുനിന്നും ലൈനില്‍ വന്നു. തന്റെ അച്ഛന് കള്ളൊഴിച്ചുകൊടുത്തു കുടിപ്പിച്ചവരൊന്നും രക്ഷപ്പെട്ടിട്ടില്ലെന്ന് തുറന്നടിക്കുന്ന സാക്ഷാല്‍ എം.പി.നാരായണപിള്ള. നല്ല കള്ള് ഉണ്ടാക്കിയെടുക്കാനും അത് ഏതു പെട്ടിക്കടയിലും ഇഷ്ടംപോലെ ന്യായവിലയ്ക്ക് ലഭ്യമാക്കാനും കഴിഞ്ഞാല്‍ ഈ കളി (!) നടപ്പില്ല. എക്സൈസ് വകുപ്പിലെ മിടുക്കന്മാര്ക്ക് അടുത്തൂണ്‍ നല്കി കള്ളുകച്ചവടം നടത്താന്‍ പ്രേരിപ്പിക്കണമെന്നും വാറ്റും നീറ്റുമെല്ലാം അവര്‍ക്കറിയാമെന്നും നാരായണപിള്ള. എക്കാലത്തേക്കുമുള്ള പ്രശ്നപരിഹാരങ്ങളെ നാണപ്പന് പ്രഖ്യാപിക്കാറുള്ളൂ. അത് കിറ്റെക്സിനും മുത്തൂറ്റിനും ഒ.എന്‍.വിക്കും ബാര്‍ കോഴക്കുമൊക്കെ ബാധകമായിരിക്കയും ചെയ്യും!
നിനച്ചിരിക്കാതെ മറ്റൊരു മഹാനുഭാവന് കൂടി മോണിറ്ററില്‍ തെളിഞ്ഞു. കുറുപ്പം വീട്ടില്‍ കെ.എന്‍. ഗോപാലപിള്ള കേരള മഹാചരിത്രവുമായി ലൈനില്‍ വന്നു. കരിമ്പിന് കള്ള്, മധുരക്കള്ള് എന്നിങ്ങനെ എത്ര ഇനങ്ങള്‍! സോമലതയുടെ ചാറില്‍നിന്നും പിറമ്പരക്കള്ള്. കരിമ്പന, ചൂണ്ടപ്പന, തെങ്ങ് എന്നിവയില്‍നിന്നും ‘ഈള.’ മലരുപൊടിച്ച് ശര്‍ക്കരപാനിയില്‍ പാളയംകോടന് പഴുമായി ഞരടി ചേര്‍ത്ത്, തേനും ഒഴിച്ച് അടച്ചുവച്ചിരുന്നാല്‍ പൊരിങ്കള്ള്. ശര്‍ക്കരപ്പാനിയില്‍ പാളയംകോടന് പഴം ഞവുടിചേര്‍ത്ത് തേനും ഒഴിച്ച് വച്ചിരുന്ന് കുറച്ചുദിവസം കഴിഞ്ഞ് പിറുത്തിച്ചക്കയോ മാമ്പഴമോ മാതള നാരങ്ങളയോ ചെറുനാരങ്ങളയോ വരിക്കച്ചക്കപ്പഴമോ കൂട്ടിച്ചേര്‍ത്ത് കുരുമുളക്, ഇഞ്ചി, ഏലം, ഗ്രാമ്പൂ ഇവ ചേര്‍ത്ത് ഇടിച്ച് ശുദ്ധജലത്തില്‍ മൂന്നു ദിവസം അടച്ചുവച്ച് വെള്ളം ഊറ്റി നാലുദിവസം കഴിഞ്ഞാല്‍ നെങ്കള്ളായി.
ചരിത്രം മോഷ്ടിച്ചെടുത്ത് കഞ്ഞിവയ്ക്കുന്ന ഏര്‍പ്പാടുനിര്‍ത്തി, വര്‍ത്തമാനകാലത്തെ തൊടാതെ, ഭാവിയിലേക്ക് തൃക്കണ്‍ പായിച്ചാലോ? പ്രവചിക്കാന്‍ തുമ്മാരുകുടിയോ കാണിപ്പയ്യൂരോ എന്നൊക്കെയാവും ചോദ്യം. എന്നാല്‍ ശ്രദ്ധിച്ചു കേട്ടോളൂ…
പൊതു ടാപ്പു തുറന്നാല്‍ പാലും തേനും ഒഴുകുമെന്ന് പറയുന്ന തെരഞ്ഞെടുപ്പു പ്രകടനപത്രികയുടെ ശൈലിയല്ല. സത്യം സത്യമായിട്ടു പറയുന്നു. പൊതുടാപ്പില്‍ മദ്യം ഒഴുകും! ഐടി പാര്‍ക്കുകളില്‍ മാത്രമല്ല പ്രൊഫഷണല്‍ കോളജുള്‍പ്പെടെ സകലമാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകളിലും ക്ഷേത്രസങ്കേതങ്ങളിലും മാത്രമല്ല നാലാള് കൂടുന്നിടത്തൊക്കെ മദ്യം ലഭ്യമാക്കും. തെരുവോരങ്ങളില്‍ പണമിട്ടാല്‍ ഉടന്‍ മദ്യം കിട്ടും. കോളജുകളില്‍ സമ്പൂര്‍ണ്ണ മദ്യലഭ്യത ഉറപ്പാക്കും. വിദ്യര്‍ത്ഥി നേതാക്കന്മാര്ക്ക് ഫ്രി. പടിപടിയായി സ്കൂളുകളിലും അങ്കണവാടികളിലും നേര്‍ത്ത പോഷക മദ്യം നല്‍കും.
ജനപ്രതിനിധികള്‍ക്കും ഐഎഎസ്സുകാര്‍ക്കും വ്യാജന് കലരാത്ത കുപ്പി സൗജന്യമായി വീട്ടിലെത്തിക്കും. മദ്യഷാപ്പുകളും ബാറുകളും അടയ്ക്കും. ശമ്പളത്തിനു പകരം കുപ്പിയെന്ന നിലവരും. സൗജന്യ ഓണക്കിറ്റിലും നൂറുമില്ലി കൊടുക്കും. മികച്ച വ്യാജന്മാരെ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി. നല്ല കാലം വരാന്‍ ഇനി അധികം കാത്തുനില്‍ക്കേണ്ട. നവകേരള മദ്യ ബസ്സ് ഇതാ വന്നു കഴിഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ട്!
അപ്പുണ്യേട്ടന്റെ ശ്വാസം നേരെ വീണു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: