ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിലൂടെ സാധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്നുള്ള വ്യക്തമായ സന്ദേശം താഴ്വരയിലെ ജനങ്ങള്‍ക്ക് നല്കുവാന് ഇതിലൂടെ സാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 90 ശതമാനം പോളിങ്ങിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയായിരുന്നു കശ്മീര്‍ ജനത. ഇതിലൂടെ ജനാധിപത്യത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമാവുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ വലിയ നേട്ടത്തെ എല്ലാ ഭാരതീയരും സ്വാഗതം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിഘടനവാദികള്‍ക്ക് വരെ വോട്ട് ചെയ്യേണ്ടി വന്നു. ജമ്മു കശ്മീരിനായി പ്രത്യേക ഭരണഘടനയില്ലെന്ന് ഇവര്‍ അംഗീകരിക്കുകയായിരുന്നു തെരഞ്ഞെടുപ്പിലൂടെ. നരേന്ദ്ര മോദിയുടെ കശ്മീര്‍ നയം വലിയ വിജയമാണെന്നാണ് ഇത് തെളിയിക്കുന്നത്. നരേന്ദ്ര മോദി മൂന്നാം വട്ടം നാനൂറിലധികം സീറ്റുകളിലൂടെയാണ് അധികാരത്തിലെത്തുന്നത്. 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ വ്യക്തമായ ഭൂരിപക്ഷമായിരുന്നു മുദ്രാവാക്യം. അന്ന് ദല്‍ഹിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഇത് സാധ്യമല്ലെന്ന് പറഞ്ഞു. എന്നാല്‍ പൂര്‍ണമായ ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുവാന്‍ സാധിച്ചു. 2019ല്‍ 300 പ്ലസ് എന്നായിരുന്നു മുദ്രാവാക്യം. അന്നും ഇവര്‍ പറഞ്ഞു ഇത് സാധ്യമല്ലെന്ന്. ഇതേ അഭിപ്രായം അവര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ നാനൂറിലധികം സീറ്റ് ലഭിക്കുകതന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കും. ബംഗാളില്‍ 42ല്‍ 24 മുതല്‍ 30 സീറ്റുകള്‍ നേടും. ഒഡീഷയില്‍ 21ല്‍ 17ഉം നിയമസഭയില്‍ 147ല്‍ 75 സീറ്റുകളും നേടി അധികാരത്തിലെത്തും. തെലങ്കാനയില്‍ 17ല്‍ 10 സീറ്റ് നേടും. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലെത്തുകയും ലോക്സഭയില്‍ വന്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: