തൃശൂര്‍:തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയം ഉറപ്പായെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ബുധനാഴ്ച സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നും പരസ്പരം പഴിചാരിക്കൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തുവന്നത്.
സുരേഷ് ഗോപി വിജയിച്ചാല്‍ അതിന് കാരണം സിപിഎമ്മാണെന്ന് പഴിചാരി ടിഎന്‍ പ്രതാപനും, അല്ല അതിന് പിന്നില്‍ കെ. മുരളീധരനെ പ്രതാപനും തൃശൂര്‍ ഡിസിസിയും ചേര്‍ന്ന് ബലിയാടാക്കിയതാണെന്ന് പറഞ്ഞ് തൃശൂര്‍ സിപിഎം ജില്ലാകമ്മറ്റിയും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ സുരേഷ് ഗോപിയ്‌ക്ക് ലഭിക്കാന്‍ പോകുന്ന വന്‍ ഭൂരിപക്ഷം ബിജെപി രാഷ്‌ട്രീയത്തിന്റെയോ മോദിയുടെ തൃശൂരിലേക്കുള്ള വരവിന്റെയോ നേട്ടമല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്.
നേരത്തെ ബിജെപി ജില്ലാകമ്മിറ്റി 20,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയ്‌ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും അവസാന വിലയിരുത്തലില്‍ ആ ഭൂരിപക്ഷം 50,000 വോട്ടുകള്‍ വരെ ആകാമെന്നുമുള്ള നിരീക്ഷണത്തില്‍ എത്തിയിരിക്കുകയാണ്.
സിപിഎം വി.എസ്. സുനില്‍കുമാറിന് വോട്ടുചെയ്യാതെ സുരേഷ് ഗോപിയെ സഹായിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്റെ വകയായി വന്നിരിക്കുന്നത്. സിപിഎം സിപിഐയെ കാലുവാരിയെന്നും ഇ ഡി കേസൊതുക്കാന്‍ വോട്ടുചെയ്യാതിരുന്ന് സിപിഎം ബിജെപിയെ സഹായിച്ചെന്നും പ്രതാപന്‍ കുറ്റപ്പെടുത്തുന്നു.
പ്രതാപന്‍റേത് ബാലിശമായ ആരോപണമെന്നും കെ മുരളീധരനെ പ്രതാപനും തൃശൂരിലെ കോണ്‍ഗ്രസുകാരും ബലിയാടാക്കി എന്നുമാണ് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍ അബ്ദുള്‍ ഖാദറിന്റെ പ്രതികരണം. അവസാനവിലയിരുത്തലുകളില്‍, തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി അതിശക്തമായ തരംഗം ഉണ്ടായതായും ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക