തിരുവനന്തപുരം: കാലഹരണപ്പെട്ട ഇടത് പ്രത്യയ ശാസ്ത്രമാണ് ഭാരതത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നതെന്ന് സംവിധായകന് സുദിപ്തോ സെന്‍. ജപ്പാന് പോലും അവരുടെ തകര്‍ച്ചയില്‍ നിന്നും 50 വര്‍ഷത്തിനുള്ളില്‍ നിന്നും തിരിച്ച് വരാന്‍ കഴിഞ്ഞു. എന്നാല്‍ ഭാരതം കൊളോണിയല്‍ ഭരണത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെയും മോചനം നേടിയിട്ടില്ലെന്നും അതിന് അനുവദിക്കാത്തത് ഇടത് പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയുടെ ജനം ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരുടെ പ്രത്യയ ശാസ്ത്രത്തിലെവിടെയും ജനാധിപത്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. കാരണം ഒരു കമ്മ്യൂണിസ്റ്റുകാരനും ജനാധിപത്യ ലോകത്തില്‍ വിശ്വസിക്കുന്നില്ല. അവരുടെ ആശയം നമ്മുടെ സംവിധാനവുമായി ചേര്‍ന്ന് പോകുന്നതല്ല. അതായത് അവര്‍ക്ക് ഭാരതീയ ജനാധിപത്യത്തില്‍ ഒരു സ്ഥാനവുമില്ല, സുദീപ്തോ സെന്‍ പറഞ്ഞു.
പാവങ്ങള്‍ക്കും ചൂഷണത്തിന് ഇരകളാകുന്നവര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന കമ്മ്യൂണിസ്റ്റുകാരുടെ അവകാശവാദം തീര്‍ത്തും കപടമാണ്. പാവപ്പെട്ടവന് തന്നെ ചൂഷണം ചെയ്യുന്ന ഭൂവുടമയെ ആണ് കൊലപ്പെടുത്തേണ്ടത്. എന്നാല്‍ ഇവിടെ പാവപ്പെട്ടവന് പാവപ്പെട്ടവനെ കൊല്ലുന്നു. ഇതാണ് ബസ്തറിലെ അവസ്ഥ. പതിനയ്യായിരത്തിലധികം സുരക്ഷാ സൈനികര്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഭാരത-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരേക്കാള്‍ കൂടുതലാണ് ഇവരുടെ എണ്ണം, അദ്ദേഹം പറഞ്ഞു.
ബസ്തറിലെ വനമേഖലയില്‍ നിന്നും ജനറേറ്റ് ചെയ്യുന്ന കള്ളപ്പണം കൊണ്ടാണ് രാജ്യത്തെ മുഴുവന്‍ ഇടത് ഇക്കോസിസ്റ്റവും നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയില്‍ റഷ്യന്‍ സോഷ്യലിസത്തിന്റെ സ്വാധീനം ഉണ്ട്. രാഷ്ട്രീയ സംവിധാനത്തില്‍ അവരുടെ സാന്നിധ്യം സീറോ ആണെങ്കിലും ഇടത് ചിന്താഗതി ഇന്നും നിലനില്‍ക്കുന്നതാണ് പല മേഖലകളിലും രാജ്യത്തെ പിന്നോട്ടടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: