പത്തനംതിട്ട: കേരളത്തിലെ സഹകരണ ബാങ്കുകളും ഒട്ടുമിക്ക ആശുപത്രികളും സൈബര്‍ ആക്രമണ ഭീഷണി കരുതിയിരിക്കണമെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍, ആശുപത്രികള്‍, ചിട്ടി സ്ഥാപനങ്ങള്‍ എന്നിവയൊക്കെ സംഘടിതമായ സൈബര്‍ ആക്രമണത്തിനു വിധേയമാകാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.
ദേശസാത്കൃത ബാങ്കുകളും പ്രമുഖ സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളും സൈബര്‍ സുരക്ഷയില്‍ വളരെ മുന്നിലാണ്. ഇവയുടെ സെര്‍വറുകളില്‍ ഹാക്കിങ് സാധ്യത കുറവാണ്. എന്നാല്‍ സഹകരണ ബാങ്കുകളുടെ ഡിജിറ്റല്‍ സംവിധാനം ദുര്‍ബലമാണെന്നതാണ് കേരളത്തെ ആശങ്കയിലാക്കുന്നത്.
ഹാക്കര്‍മാര്‍ കടന്നു കയറാത്ത രീതിയില്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കാന്‍ വേണ്ടത്ര സാങ്കേതിക വൈദഗ്ധ്യമില്ലാത്ത, കുറഞ്ഞ പ്രതിഫലം പറ്റുന്ന ഗ്രൂപ്പുകളെയാണ് മിക്ക സഹകരണ ബാങ്കുകളും ആശുപത്രികളും ചിട്ടി കമ്പനികളുമൊക്കെ ഐടി വിഭാഗത്തിന്റെ ചുമതല ഏല്പിക്കുന്നത്. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ക്രിമിനലുകള്‍ ഇവ ഹാക്ക് ചെയ്ത് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയും ഡാര്‍ക്ക് വെബില്‍ അത് പ്രചരിപ്പിക്കുകയൂം മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്.
അടുത്തിടെ കേരളത്തിലെ ഒരു സ്വകാര്യ ധന ഇടപാട് സ്ഥാപനത്തില്‍ എസ്‌ക്യുഎല്‍ ഇന്‍ജെക്ഷന്‍ എന്ന ഹാക്കിങ് ടെക്നിക്ക് ഉപയോഗിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്തു വന്നിട്ടില്ല. ഐടി സുരക്ഷയില്‍ ദുര്‍ബലമായ സഹകരണ സ്ഥാപനങ്ങളെ വളരെ വേഗം ഹാക്ക് ചെയ്യാമെന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: