Kerala

വെള്ളത്തിലൂടെ ഒഴുകിയത് 10 കിലോമീറ്റര്‍, കാല്‍വഴുതി കല്ലടയാറ്റില്‍ വീണ വീട്ടമ്മയുടേത് പുനര്‍ജന്മം

Published by

കൊല്ലം: തുണിയലക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളം. വള്ളിപ്പടര്‍പ്പില്‍ തടഞ്ഞുനിന്ന അവരുടെ നിലവിളി പരിസരവാസികള്‍ കേട്ടതുകൊണ്ട് മാത്രമാണ് കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ(64) രക്ഷപെട്ടത്.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസില്‍ അറിയിച്ചതും. നാട്ടുകാര്‍ വഞ്ചിയിറക്കി കരയ്‌ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയില്‍ തങ്ങിനിന്നത്.

കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയില്‍ കണ്ടത്.വീടിനു സമീപത്തെ കടവില്‍ തുണി കഴുകാന്‍ എത്തിയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് ശ്യാമളയമ്മ പിന്നീടു പറഞ്ഞത്. നീന്തല്‍ അറിയില്ലായിരുന്നു.

ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ നല്ല ഒഴുക്കുണ്ടായിരുന്നു. മലര്‍ന്നു കിടന്ന നിലയില്‍ ഒഴുക്കില്‍പ്പെട്ട ശ്യാമളയമ്മ ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂര്‍ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു.

കുന്നത്തൂര്‍ പാലത്തിനു മുകളില്‍ നിന്ന ചിലര്‍ ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ടു ദൃശ്യം പകര്‍ത്തിയെങ്കിലും ജീവനുണ്ടെന്നു കരുതിയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by