തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ഇന്റര്‍നെറ്റില്ല എന്നതാണ് പ്രധാന കാരണം.
ഇതുവരെ ഇന്റര്‍നെറ്റിന് ബിഎസ്എന്‍എല്‍ കണക്ഷനുകളായിരുന്നു സ്‌കൂളുകളിലുണ്ടായിരുന്നത്. ഇതിന്റെ പണം അടച്ചിരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഇതിനിടയിലാണ് സര്‍ക്കാര്‍ കെ ഫോണ്‍ കൊണ്ടുവന്നത്. ബിഎസ്എന്‍എല്‍ കണക്ഷന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആ തുക അധ്യാപകര്‍ കൈയില്‍ നിന്നും നല്കണമെന്നും നിര്‍ദേശിച്ചു. ഇതോടെ സ്‌കൂളുകളെല്ലാം കെഫോണിലേക്ക് മാറി. 99 ശതമാനം സ്‌കൂളുകളിലും ആറുമാസമായി കെ ഫോണില്‍ നെറ്റില്ല. ചിലയിടങ്ങളില്‍ കെ ഫോണ്‍ എത്തിയിട്ടേയില്ല. അഡ്മിഷന്‍, ടിസി വിതരണം തുടങ്ങിയവയെല്ലാം അധ്യാപകരുടെ ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ സമ്പൂര്‍ണ സോഫ്ട് വെയറില്‍ കുട്ടികളുടെ വിവരം നല്കല്‍, ഉച്ചഭക്ഷണത്തിന്റെ ദിനംപ്രതി കണക്ക് നല്‍കല്‍ തുടങ്ങിയവയെല്ലാം നടത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണം.
പാന്റ്‌സുള്ളവര്‍ക്ക് ഷര്‍ട്ടില്ല; ഷര്‍ട്ടുള്ളവര്‍ക്ക് പാന്റ്‌സും
2022വരെ 24000 മുതല്‍ ഒരുലക്ഷത്തിലധികം രൂപ വരെ അറ്റകുറ്റപ്പണികള്‍ക്ക് നല്‍കിയിരുന്നു. എസ്എസ്‌കെ വഴിയാണ് ഫണ്ട് വിതരണം ചെയ്തിരുന്നത്. ഈ തുക ഉപയോഗിച്ചാണ് ഫര്‍ണിച്ചര്‍അറ്റകുറ്റപ്പണി, മരാമത്ത് പണികള്‍, പ്ലംബ്ബിങ് ജോലികള്‍ തുടങ്ങിയവ നടത്തേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം എല്ലാ സ്‌കൂളുകള്‍ക്കും ആകെ നല്കിയത് 50,00രൂപ വീതമാണ്. കഴിഞ്ഞ വര്‍ഷത്തെ ശേഷിക്കുന്ന തുകയെങ്കിലും ഈവര്‍ഷം കിട്ടുമോ എന്ന കാര്യത്തിലും ഉറപ്പില്ല. കൈത്തറി യൂണിഫോം ചിലയിടങ്ങളില്‍ ഇതുവരെ പൂര്‍ണമായും എത്തിയിട്ടില്ല. ചിലയിടത്ത് ഷര്‍ട്ടിനുള്ള തുണി മാത്രമാണ് എത്തിയത്. മറ്റിടങ്ങളില്‍ പാന്റ്‌സിനുള്ള തുണിയും.
പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രധാന അധ്യാപകര്‍ക്കാണ്. നിലവില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. അത് നടപ്പാക്കുന്നതിനാവശ്യമായ പണം സ്‌കൂളുകളിലേക്ക് നല്കുന്നില്ല. ഉച്ചഭക്ഷണത്തിനുള്ള തുക നല്‍കാതെ വന്നതോടെ പ്രധാന അധ്യാപകര്‍ കടക്കെണിയിലായിരുന്നു. കോടതി ഇടപെട്ടതിനുശേഷമാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ പ്രധാന അധ്യാപകര്‍ വലിയ കടക്കെണിയിലേക്ക് വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: