Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

Published by

ന്യൂദല്‍ഹി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ് ഐ) നേതാവായ ഇ.അബൂബക്കറുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കെയ്റ്റ്, മനോജ് കുമാര്‍, ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. എസ് ഡിപിഐയുടെ സ്ഥാപകപ്രസിഡന്‍റും മുന്‍പ് നിരോധിച്ച എന്‍ഡിഎഫിന്റെ സ്ഥാപകചെയര്‍മാനും കൂടിയായിരുന്നു എരപ്പുങ്ങല്‍ അബൂബക്കര്‍ എന്ന ഇ.അബൂബക്കര്‍.

യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന ഇ. അബൂബക്കര്‍ ആരോഗ്യപ്രശ്നം കാരണം വിദഗ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. പാര്‍ക്കിന്‍സണ്‍സ്, അര്‍ബുദം എന്നീ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഇടക്കാലജാമ്യം വേണമെന്നതായിരുന്നു ആവശ്യം.

അര്‍ബുദത്തിന്റെ മൂന്നാം ഘട്ടത്തിലാണ് അബൂബക്കറെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. ദീപക് പ്രകാശ് വാദിച്ചു. ഇടക്കാല ജാമ്യം തേടിയുള്ള മൂന്നാമത്തെ അപേക്ഷയാണ് കോടതി തള്ളിക്കളഞ്ഞത്.  യുഎപിഎ നിയമപ്രകാരം 2022 സെപ്തംബർ 22നാണ് അബൂബക്കറിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

ജാമ്യം നല്‍കില്ലെങ്കിലും അദ്ദേഹത്തിന് ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സ ലഭ്യമാക്കാമെന്നും കോടതി നിര്‍ദേശിച്ചു.  കോടതിയില്‍ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തിരുന്നു. അബൂബക്കറിനെതിരെ നിരവധി കേസുകളുണ്ടെന്നും വിട്ടയക്കരുതെന്നും എന്‍ഐഎ വാദിച്ചു.

അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് അടയന്തിരമായി നല്‍കാന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് അഡീഷണല്‍ ജഡ്ജി ശൈലേന്ദ്ര മാലിക തീഹാര്‍ ജയില്‍ അധികൃതരോട് ജാമ്യാപേക്ഷ കിട്ടിയപ്പോഴേ ആവശ്യപ്പെട്ടിരുന്നു. അത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ കോടതി ജാമ്യം നിഷേധിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക