കോട്ടയം: ഭക്ഷ്യോത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ജൈവ ആന്റി ഓക്സിഡന്റ് വികസിപ്പിക്കുന്നതിന് എം.ജി.യു ഇന്നവേഷന്‍ ഫൗണ്ടേഷനും കാംലിന്‍ ഫൈന്‍ സയന്‍സസ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സര്‍വകലാശാലയിലെ ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ നടക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വാണിജ്യോത്പാദനം ആരംഭിക്കും.
ഇപ്പോള്‍ ഭക്ഷ്യോത്പന്ന മേഖലയില്‍ സിന്തറ്റിക്ക് ആന്റി ഓക്സിഡന്റുകളാണ് പൊതുവെ ഉപയോഗിച്ചുവരുന്നത്. പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ജൈവ ആന്റി ഓക്സിഡന്റ് ഉപയോഗിക്കുന്നതെന്ന് ജൈവ ആന്റി ഓക്സിഡന്റ് വിഭാഗം ടെക്നിക്കല്‍ മേധാവി വി.എ ഷാജു പറഞ്ഞു. കാംലിന്‍ ഫൈന്‍ സയന്‍സസ് നല്കുന്ന ജൈവ ദ്രാവകം ഫൗണ്ടേഷനിലെ സ്പ്രേ ഡയറിലൂടെ കടത്തിവിട്ട് പൊടി രൂപത്തിലുള്ള ആന്റി ഓക്സിഡന്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ ഇതിന്റെ വിശദ പരിശോധന അന്തിമഘട്ടത്തിലാണെന്ന്
ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ് പറഞ്ഞു.
ഇന്‍സ്ട്രുമെന്റ് ബോകസ് ഉള്‍പ്പെടെയുള്ള പഠനസാമഗ്രികളിലൂടെ സാധാരണക്കാര്‍ക്ക് ഏറെ പരിചിതമായ കാംലിന്‍ കമ്പനിയുടെ കെമിക്കല്‍ ബിസിനസ് സ്ഥാപനമാണ് കാംലിന്‍ ഫൈന്‍ സയന്‍സസ്. ടെര്‍ഷ്യറി ബ്യുട്ടൈല്‍ ഹൈഡ്രോ ക്വിനോന്‍ എന്ന ആന്റി ഓക്സിഡന്റിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: