കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാനേതാവാണ് തമ്മനം ഫൈസല്‍. ജോര്‍ജ് എന്നാണ് യഥാര്‍ഥ പേര്. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസല്‍. പിന്നീട് അമ്മയുടെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ നാട്ടുകാരും പോലീസുകാരും തമ്മനം ഫൈസല്‍ എന്നു വിളിച്ചു.
അച്ഛനെ തല്ലിയ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് 18 ാം വയസില്‍ തമ്മനം ഫൈസല്‍ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തുന്നത്. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാനേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസല്‍ വളര്‍ന്നുവന്നത്. മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്നു. ഷാജിയെ ഒതുക്കാനായി ഫൈസലിനു പോലീസിന്റെ പിന്തുണയും ആദ്യകാലത്തു ലഭിച്ചിരുന്നു. യൂട്യൂബ് അഭിമുഖങ്ങളിലൂടെ പ്രശസ്തനുമാണ് ഫൈസല്‍.
താന്‍ കുറെ വര്‍ഷങ്ങളായി ഗുണ്ടാപരിപാടികള്ക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യ വണ്ടിയും കുടുംബ ബിസിനസുകളും നോക്കിനടത്തുകയാണെന്നുമാണ് ഫൈസല്‍ ഇത്തരം അഭിമുഖങ്ങളില്‍ അവകാശപ്പെട്ടിരുന്നത്. 2021ല്‍ മറ്റൊരു ഗുണ്ടാ സംഘത്തില്‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫൈസലും സംഘവും തന്നെ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിരുന്നു. തന്നെ ഉപദ്രവിച്ചതിനുള്ള പ്രതികാരമെന്ന നിലയിലാണ് ഫൈസല്‍ ഇത് സമൂഹമാധ്യമത്തില്‍ അവതരിപ്പിച്ചത്. പ്രശസ്തനായ കരാട്ടെ അധ്യാപകന് കൂടിയാണ് ഫൈസല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: