പത്തനംതിട്ട: ഭാരതത്തിനെതിരെ എക്കാലവും ഒളിയുദ്ധം നടത്തുന്ന ചൈന ഇപ്പോള്‍ സൈബര്‍ അക്രമണങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതു സംബന്ധിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സൈബര്‍ തട്ടിപ്പിനുള്ള വെബ് അപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നത് ചൈനീസ് ഭാഷയായ മാന്ഡാരിന് ആണെന്നത് സൈബര്‍ ആക്രമണങ്ങളിലെ ചൈനീസ് ബന്ധം അരക്കിട്ടുറപ്പിക്കുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്, കമ്പോഡിയ എന്നിവ കേന്ദ്രീകരിച്ചാണ് ചൈന ഭാരതത്തിനെതിരെ സൈബര്‍ അക്രമണങ്ങള്‍ നടത്തുന്നതെന്നാണ് വിവരം. തൊഴില്‍ അന്വേഷകരായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ചെറുപ്പക്കാരെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ആകര്‍ഷിക്കുകയും ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്ത് അവരെ കമ്പോഡിയയിലും മറ്റും എത്തിച്ചു ഭീഷണിപ്പെടുത്തി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ചൈനീസ് രീതി.
ഇതിന്റെ ഭാഗമായി സിങ്കപ്പൂരില്‍ ഡേറ്റ എന്‍ട്രിയില്‍ ഒഴിവുകള്‍ ഉണ്ടെന്ന വ്യാജ തൊഴില്‍ പരസ്യങ്ങള്‍ ചൈനീസ് സംഘങ്ങള്‍ വ്യാപകമായി ഭാരതത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ വലയിലാക്കുന്നവരെ സിങ്കപ്പൂരിലേക്കെന്ന വ്യാജേന മ്യാന്മറിലേക്കും കമ്പോഡിയയിലേക്കും മറ്റും എത്തിക്കുകയാണ്. ചൈനീസ് ഒത്താശയോടെ ഭാരതത്തില്‍ നിന്ന് ഇത്തരത്തില്‍ വന്‍ മനുഷ്യക്കടത്താണ് നടക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 5000-ല്‍ ഏറെ ഭാരത പൗരന്മാരാണ് കമ്പോഡിയയില്‍ മാത്രം ജീവന് ഭയന്ന് മാതൃരാജ്യത്തിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. ഡിജിറ്റല്‍ അറസ്റ്റ്, ഹണി ട്രാപ്പ്, ട്രേഡിങ്, ഇ കോമേഴ്സ് തട്ടിപ്പുകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു ഭാരതത്തിനെതിരെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: