ന്യൂദല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25ന്.
സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് പൂര്‍ത്തിയാകുന്നത്. ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. വിജ്ഞാപനം ജൂണ്‍ ആറിന് പുറത്തിറങ്ങും. 13നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 14ന് സൂക്ഷ്മ പരിശോധന, 18 വരെ പത്രിക പിന്‍വലിക്കാം. 25ന് രാവിലെ ഒന്‍പതു മുതല്‍ നാലു വരെയാണ് പോളിങ്. ജൂലൈ അഞ്ചിന് വോട്ടെണ്ണല്‍.
കേരള നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനില വച്ച് എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും രാജ്യസഭയിലെത്തിക്കാം. എല്‍ഡിഎഫിന്റെ ഒരു സീറ്റ് സിപിഎമ്മിനാകും. രണ്ടാമത്തെ സീറ്റ് ആര്‍ക്കെന്നതില്‍ തീരുമാനമായില്ല. ഈ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും പരസ്യമായി ആവശ്യമുന്നയിച്ചിരുന്നു. യുഡിഎഫിന്റെ സീറ്റ് മുസ്ലിം ലീഗിന് നല്‍കിയേക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ലീഗ് ആവശ്യപ്പെട്ടെങ്കിലും രാജ്യസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തിലാണ് ലീഗ് ആവശ്യത്തില്‍ നിന്നു പിന്നോട്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: