വാരാണസി: പട്ടിണി തുടച്ചുനീക്കുന്നതെങ്ങനെയെന്ന് കാട്ടിത്തന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി.
2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ദരിദ്രര്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഗരീബി ഹടാവോ എന്നത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ മോദിക്ക് ജീവിതമായിരുന്നു, നിരഞ്ജന് ജ്യോതി പറഞ്ഞു. അന്നം, വീട്, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങളെയും അദ്ദേഹം മുന്നില്‍ക്കണ്ടു. ഇരക്കാനല്ല, ജീവിതം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ആരോഗ്യമുള്ള സമൂഹമായി വളരുന്നതിന് പ്രേരണ നല്കി. എല്ലാവരിലും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്തി, വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സാധ്വി ചൂണ്ടിക്കാട്ടി.
ആത്മീയതയും രാഷ്ട്രസുരക്ഷയും സമന്വയിപ്പിച്ചതാണ് മോദിയുടെ പ്രവര്‍ത്തനരീതി. മോദിക്ക് മുമ്പുള്ള പത്ത് കൊല്ലം എന്തായിരുന്നു എന്ന് ചിന്തിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. മന്മോഹന് സിങ്ങിന്റെ ഭരണത്തില്‍ അവരുടെ പാര്ട്ടിക്കാര് തന്നെ ഇതെന്ത് തരം സര്‍ക്കാരാണെന്ന് അലമുറയിടുകയായിരുന്നു. റിമോട് കണ്ട്രോളില് ചലിക്കുന്ന സര്‍ക്കാരായിരുന്നു അതെന്ന് സാധ്വി പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് തീയതി പറയാനാവില്ലെന്ന് പരിഹസിച്ച് മുദ്രാവാക്യം വിളിച്ച അതേ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രാണപ്രതിഷ്ഠയുടെ തീയതി നിശ്ചയിച്ച് അതില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ബഹിഷ്കരിച്ചവരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവരിലും രാമനുണ്ട് എന്നാണ് സങ്കല്പം. അയോദ്ധ്യയിലേക്ക് എല്ലാവരെയും ക്ഷണിച്ചു. അന്ന് ബാലകരാമനെ ദര്ശിക്കാനാകാതിരുന്ന പലരും പിന്നീട് അവിടെയെത്തി. എന്നാല്‍ ഇക്കൂട്ടര്‍ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. രാംലല്ലയെ സംബന്ധിച്ച അവരുടെ നിലപാട് സ്വാര്‍ത്ഥമാണ്. ചിലരെ അവര്‍ ഭയക്കുന്നു. സ്വന്തം വോട്ട് ബാങ്കിന് എന്തെങ്കിലും തോന്നിയാലോ എന്ന് പേടിച്ചിട്ടാണ് അവര്‍ വരാതിരുന്നത്. ഇത്തരക്കാര്‍ക്ക് രാമക്ഷേത്രത്തെക്കുറിച്ച് പറയാന്‍ പോലും അവകാശമില്ല, നിരഞ്ജന് ജ്യോതി പറഞ്ഞു.
രാമക്ഷേത്രം അവര്‍ക്ക് നിര്‍മിക്കാമായിരുന്നു. ആരെങ്കിലും തടഞ്ഞോ? നിര്‍മിക്കാന്‍ തയാറാണെങ്കില്‍ തുണയ്ക്കാന്‍ നമ്മളും ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയമല്ല, രാഷ്ട്രഭാവനയാണ് വലുത്. വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് സാധ്വി ചൂണ്ടിക്കാട്ടി.
രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ത്ത അതേ ആളുകള്‍ രാമക്ഷേത്രനിര്‍മാണത്തിനെതിരെ കോടതിയില്‍ വാദിച്ചു. രാമക്ഷേത്രം വന്നാല്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ മുറിവേല്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്നിട്ട് എന്തായി? ഒരു വിഭാഗത്തിനും മുറിവേറ്റില്ല. എല്ലാവരും വിധിയെ സ്വീകരിച്ചു. രാമക്ഷേത്രം പോലെ പവിത്രമാണ് രാഷ്ട്രസുരക്ഷയും. പിഒകെ നമ്മുടേതാണെന്നത് വെറും വാക്കല്ല. പ്രധാനമന്ത്രി മോദി നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കി. നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചു. അതിര്‍ത്തി കടന്നെത്തിയ അക്രമികളെ അവരുടെ മടയില്‍ കയറി ഇല്ലാതാക്കി, സാധ്വി നിരഞ്ജന് ജ്യോതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: