തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സമരപോരാട്ടങ്ങളിലൂടെ വിദ്യാഭ്യാസ അവകാശം നേടിയെടുത്ത പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനദിനം സൗരക്ഷിക ബാലാവകാശദിനമായി ആചരിക്കും. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സൗരക്ഷികയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചരിത്രപരമായ തീരുമാനമുണ്ടായത്. ബാലഗോകുലം ഉള്‍പ്പെടെയുള്ള കുട്ടികളുടെ പ്രസ്ഥാനങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.
കേരളത്തില്‍ ആദ്യമായി നടന്ന ബാലാവകാശ സമരമാണ് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഊരൂരുട്ടമ്പലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടന്ന പ്രതിഷേധം. തിരുവിതാംകൂര്‍ പ്രജാസഭയില്‍ 1912 മാര്‍ച്ച് 4ന് ജാതിയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുവാനുള്ള അവകാശം നിയമം മൂലം ലഭിച്ചു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു. മഹാത്മാ അയ്യങ്കാളി പൂജാരി അയ്യന്റെ എട്ട് വയസ്സുള്ള മകളായ പഞ്ചമിയേയും കൂട്ടി ഉരൂരുട്ടമ്പലം പെണ്‍പള്ളികൂടത്തില്‍ ചെന്ന് കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ സ്‌കൂള്‍ അധികാരികള്‍ കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു. അനുവാദം ലഭിക്കാത്തതിനാല്‍ മഹാത്മാ അയ്യങ്കാളി കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ക്ലാസ്സിലെ ബഞ്ചില്‍ കൊണ്ടിരുത്തി. 1914 ജൂണ്‍ 16 നാണ് ആ മഹാസംഭവം നടന്നത്. ഇതിനോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ഈ സമരമാണ് എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ പഠിക്കുവാനുള്ള അവകാശം നേടിയെടുക്കാന്‍ കാരണമായത്.
കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം നേടിയെടുക്കാന്‍ നടത്തിയ മഹാ സംഭവത്തെയാണ് ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നത്. അതിനാലാണ് പഞ്ചമിയെന്ന ബാലികയുടെ വിദ്യാഭ്യാസ പ്രവേശനദിനം ബാലാവകാശദിനമായി സ്വീകരിക്കാന്‍ സൗരക്ഷിക തീരുമാനിച്ചത്. അതിന്റെ ഭാഗമായി ജൂണ്‍ 16 പഞ്ചമി ദിനമായി ആചരിക്കും. ബാലഗോകുലം ഉള്‍പ്പെടെയുള്ള കുട്ടികളുടെ സംഘടനകള്‍ ഇതിനെ സ്വാഗതം ചെയ്തു. പഞ്ചമിദിനം ബാലാവകാശദിനമായി ബാലഗോകുലവും ആചരിക്കുമെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: