കോട്ടയം : ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചുവെന്നുള്ള ആക്ഷേപം പുതിയതല്ല. ഗൂഗിള്‍ മാപ്പിട്ട് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പലപ്പോഴും അപകടത്തില്‍ പെടുന്നതായുള്ള വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പിനെ മാത്രം പഴിക്കരുതെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗൂഗിള്‍ മാപ്പിട്ട് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുഖ്യമായും ഗൂഗിള്‍ മാപ്പില്‍ വഴിതേടുമ്പോള്‍ നമ്മള് സഞ്ചരിക്കുന്നത് ടൂവീലറിലാണോ ഫോര്‍ വീലറിലാണോ അതോ കാല്നടയാത്രയാണോ എന്നൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ മറക്കരുത്. റോഡുകളുടെ വീതിയും മറ്റും കൃത്യമായി വിലയിരുത്താന്‍ ഇത് സഹായിക്കും. മറ്റൊന്ന് ഗൂഗിള്‍ മാപ്പുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക എന്നതാണ് . സാങ്കേതികമായി പല പരിഷ്കാരങ്ങളും ഗൂഗിള്‍ ഈ പ്രോഗ്രാമില്‍ വരുത്തുന്നുണ്ട്. അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ അത് ലഭ്യമാകൂ. അപരിചിതമായ ഇടങ്ങളില്‍ വഴിതെറ്റിപ്പോകാതിരിക്കാനായി ആഡ് സ്റ്റോപ്പ് സങ്കേതം ഉപയോഗിച്ച് അറിയാവുന്ന സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇതിലെല്ലാം ഉപരി രാത്രിയിലാണെങ്കില്പ്രധാന പാതകളെ തന്നെ ആശ്രയിക്കുകയാണ് ഉചിതം . അപരിചിതമായ മേഖലകളില്‍ വഴിതെറ്റിയാല്‍ റീ റൂട്ട് എന്ന ഓപ്ഷന് വഴി ഗൂഗിള്‍ മറ്റൊരു വഴി സ്വയം തിരഞ്ഞെടുക്കാറുണ്ട്. ഇതൊരു പക്ഷെ എളുപ്പമാണെങ്കിലും ദുര്‍ഘടം പിടിച്ചതും ഇടുങ്ങിയതുമാവാം. രാത്രി സമയങ്ങളില്‍ ഇതുണ്ടാക്കാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്രത്യേകിച്ച്് കുടുംബമായി സഞ്ചരിക്കുമ്പോള്‍. മാപ്പ് ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ എല്ലാം ഗൂഗിള്‍ നോക്കിക്കൊള്ളണം എന്ന ശഠിക്കരുത്. അതിന്റെ ശരിയായ ഉപയോഗക്രമം മനസിലാക്കി വേണം ആശ്രയിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: