കോട്ടയം: റോഡരികിലടക്കം പൊതുയിടങ്ങളില്‍ നില്ക്കുന്ന മരങ്ങളോ അതിന്റെ ശിഖരങ്ങളോ വെട്ടിമാറ്റുന്നതു സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കര്‍ക്കശ ഉത്തരവ് അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെ ബാധിക്കുമെന്ന് ആശങ്ക. പാലക്കാട് പൊന്നാനി സംസ്ഥാനപാതയോടടുത്ത് കെട്ടിടങ്ങള്‍ക്ക് ഹാനിവരുത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് പട്ടാമ്പി സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കര്‍ക്കശ നിബന്ധനകള്‍ പുറപ്പെടുവിച്ചത്. കോടതി ഹര്‍ജി തള്ളുകയും ചെയ്തു. അപകടകരമായ രീതിയില്‍ ചാഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ മാത്രമേ മരങ്ങള്‍ വെട്ടിമാറ്റാവൂ എന്ന് കോടതി നിര്‍ദേശിച്ചു. മരങ്ങളെ സംരക്ഷിക്കുകയാണ് പിഡബ്ല്യുഡിയുടെ ഉത്തരവാദിത്വമെന്നും നശിപ്പിക്കലല്ലെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ പാതയോരങ്ങളില്‍ അപകടകരമായ നിലയില്‍ ഒട്ടേറെ മരങ്ങള്‍ നില്‍പ്പുണ്ട്. ഇത് വെട്ടിമാറ്റുന്നതിനു മാത്രമല്ല, ശിഖരങ്ങള്‍ വെട്ടുന്നതിനു പോലും ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിഡബ്ല്യു ഉദ്യോഗസ്ഥര്‍ മേലില്‍ തയ്യാറാകുമോ എന്നാണ് ആശങ്ക. അപകടകരമെന്ന് നിശ്്ചയിക്കുന്നത് ആപേക്ഷികമായ കാര്യമായതിനാല്‍ മരങ്ങള്‍ വെട്ടിയാല്‍ അതിനെതിരെ പരിസ്ഥിതി പ്രേമികള്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കോടതിയില്‍ പോയാല്‍ ഉദ്യോഗസ്ഥര്‍ പുലിവാലു പിടിക്കും. വെറുതെ എന്തിനു വയ്യാവേലി കയറുന്നുവെന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങിയാല്‍ അത്് ഒരു പക്ഷെ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: