തോന്നയ്ക്കല്‍: അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മലയാളം അധ്യാപകര്‍ തോന്നക്കല്‍ ആശാന് സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി. പ്രമുഖ വില്‍പ്പാട്ട് കലാകാരനും അധ്യാപകനും നടനുമായ മണികണ്ഠന് തോന്നയ്ക്കലുമായി നടത്തിയ സര്‍ഗസംവാദം ശ്രദ്ധേയമായി.
അഞ്ചുദിവസമായി വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നുവരുന്ന ഹൈസ്കൂള്‍ മലയാളം അധ്യാപകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകരാണ് പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആശാന് സ്മാരകം സന്ദര്‍ശിച്ചത്.
ഈ വര്‍ഷം മുതല്‍ മാറുന്ന ഒമ്പതാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ആദ്യത്തെ പാഠം കുമാരനാശാന് എഴുതിയ ചണ്ഡാലഭിക്ഷുകി എന്ന ഖണ്ഡകാവ്യത്തിലെ ഏതാനും വരികള്‍ അടങ്ങിയ കവിതയാണ്. കുമാരനാശാനെ കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തിയ മണികണ്ഠന് തോന്നക്കല്‍ ആശാന് കൃതികളിലൂടെ നടത്തിയ സര്‍ഗസംവാദ യാത്ര ശ്രദ്ധേയമായി.
മലയാളം അധ്യാപകര്‍ തയ്യാറാക്കിയ ഹൈക്കു കവിതകളുടെ പതിപ്പ് മണികണ്ഠന് തോന്നക്കല്‍ അധ്യാപിക കൊച്ചുത്രേസ്യക്ക് നല്കി പ്രകാശനം ചെയ്തു. കുമാരനാശാന് സ്മാരകം സെക്രട്ടറി വി. ജയപ്രകാശ്, എഒ പി. രാജേന്ദ്രന്, അധ്യാപക പരിശീലകരായ ജെ.എം. റഹീം, എസ്. സുധീര്‍, പരിശീലന ക്യാമ്പ് ലീഡര്‍ പ്രവീണ്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ആശാന് കവിതകളുടെ ആലാപനവും ആശാന് കവിതകളെക്കുറിച്ചുള്ള സിമ്പോസിയവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: