തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം അടുത്ത് എത്തിയതോടെ വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്കൂളുകള്‍. എന്നാല്‍ അറ്റകുറ്റപ്പണികളും സ്കൂള്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്ന ജോലികളും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും വൈകുകയാണ്.
പ്രവേശനോത്സവത്തിന് മുന്നോടിയായി ഈ മാസം 27 ന് മുമ്പ് സ്കൂളുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍, സ്കൂളും പരിസരവും വൃത്തിയാക്കല്‍ പൂര്‍ത്തിയായിട്ടില്ല. ദിവസങ്ങളായി തുടരുന്ന മഴയും പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്. കിണര്‍ ടാങ്ക് ശുചീകരണം, കാടു തെളിക്കല്‍, പരിസരം അണുവിമുക്തമാക്കല്‍, പാചകപ്പുര വൃത്തിയാക്കല്‍, പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കല്‍ എന്നിങ്ങനെ നീളുന്നു പൂര്‍ത്തിയാക്കേണ്ട ജോലികളുടെ പട്ടിക.
രണ്ടുമാസമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളില്‍ ഇഴജന്തുക്കളില്ലെന്ന് ഉറപ്പാക്കണമെന്നും ഡിഇഒ, എഇഒമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊതുകുശല്യത്തില്‍ നിന്ന് മോചനം നേടുന്നതിന് കൊതുകു നശീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കിണര്‍ വെള്ളം ഇടയ്ക്കിടെ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളുകളില്‍ ശുചിമുറികള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. പലയിടത്തും മഴ മൂലം മെല്ലെപോക്കിലാണ് നടപടികള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും ഭാഗമായതോടെ വരുംദിനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.
നിലവില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീര്‍ക്കല്‍, സ്കൂള്‍ ബസുകളുടെ ക്ലിയറന്‍സ് പരിശോധന, സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉറപ്പുവരുത്തുകയാണ് സ്കൂള്‍ അധികൃതര്‍. അതേസമയം, ചില സ്കൂളുകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. കെട്ടിടങ്ങളുടെ പെയിന്റിങ്, ചുമരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കല്‍ എന്നിങ്ങനെ ജോലികള്‍ പൂര്‍ത്തിയായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: