കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്‌പിയും നാല് പോലീസുകാരും. ആലപ്പുഴയിലെ ഡിവൈഎസ്പി എം.ജി സാബുവും പോലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്‌ക്കായി എസ്‌ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. വാര്‍ത്തകൾ പുറത്തുവന്നതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ‍് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് പോലീസുകാർക്കെതിരെ നടപടിയെടുത്തത്.
ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്. സംഭവത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടകളെ പിടികൂടാൻ ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന് സംഘടിപ്പിച്ചത്.
സ്ഥലത്ത് പോലീസ് പരിശോധനയ്‌ക്ക് എസ് ഐയും സംഘവും എത്തിയപ്പോഴാണ് ഡിവൈഎസ്പിയെയും മൂന്ന് പോലീസുകാരെയും അവിടെ കണ്ടത്. ഇവിടെ എത്തിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ തമ്മനം ഫൈസൽ വിരുന്നൊരുക്കിയതാണെന്ന് ഡിവൈഎസ്പിയും സംഘവും പറഞ്ഞത്. വാഗമണ്ണിൽ പോയി അങ്കമാലിയിലേക്ക് എത്തിയതാണെന്നാണ് പോലീസുകാർ പറഞ്ഞത്.
എന്നാൽ അവരുടെ സംസാരത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു എന്നാണ് വിവരം. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. പിന്നാലെ പോലീസ് ഡിപ്പാർട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ പോലീസ് ആസ്ഥാനത്ത് നിന്ന് ഇതേക്കുറിച്ച് എറണാകുളം റൂറലിൽ വിവരം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
പല കേസുകളിലും പ്രതിയായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് തമ്മനം ഫൈസൽ. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അടക്കം പ്രതിയാണ്. കഴിഞ്ഞ വർഷം യുവാവിനെ നഗ്നനാക്കി മർദ്ദിച്ച കേസിലും തമ്മനം ഫൈസൽ പ്രതിയാണ്. പോലീസ് ഒരിക്കൽ കാപ്പ ചുമത്താനിരുന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: