കൊല്‍ക്കത്ത: ബംഗാളിനെ ഇളക്കി മറിച്ച് സംന്യാസി പ്രക്ഷോഭം. സ്വാഭിമാനവും തനിമയും സംരക്ഷിക്കാന്‍ സംന്യാസിമാര്‍ സ്വാതന്ത്ര്യപ്രക്ഷോഭം നയിച്ച മണ്ണാണിതെന്ന് ബംഗാളിലെ ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ആയിരക്കണക്കിന് സംന്യാസിമാര്‍ നഗ്നപാദരായി കൊല്‍ക്കത്തയില്‍ തെരുവ് നിറഞ്ഞത്. രാമകൃഷ്ണ മിഷന്, ഭാരത് സേവാശ്രമം സംഘ്, ഇസ്കോണ്‍ തുടങ്ങിയ ഹിന്ദുധര്മ്മസ്ഥാപനങ്ങള്ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ആക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് സംന്യാസിമാര്‍ തെരുവിലിറങ്ങിയത്.
ബംഗാളിലെ ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഭാരത് സേവാശ്രമം സംഘത്തിലെ ആചാര്യന് കാര്‍ത്തിക് മഹാരാജ് പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു. ദുര്‍ഗാപൂജയുടെ നാടാണ് ബംഗാളെന്നും ഭാരതത്തെ ദുര്‍ഗയായി വിശേഷിപ്പിച്ച വന്ദേമാതരം പിറന്നതിവിടെയാണെന്നും കാര്‍ത്തിക് മഹാരാജ് പറഞ്ഞു. സംന്യാസിമാര്‍ക്ക് കക്ഷി രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രധര്മ്മത്തോട് പ്രതിബദ്ധതയുണ്ട്. അതിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടും. ഹിന്ദുധര്‍മ്മത്തെ അപകടത്തിലാക്കാന്‍ ഇവിടെ സര്‍ക്കാരും സര്‍ക്കാരിന്റെ മേധാവിയും രംഗത്തിറങ്ങിയിരിക്കുന്നു. കാളീഘട്ടാണ് കൊല്ക്കത്തയായതെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
സംന്യാസിമാരെ ആക്രമിക്കുന്നതിന് പോലീസ് സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് ഗംഗാസാഗര്‍ മേളയ്ക്കിടെ നടന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സ്വാമിജി പറഞ്ഞു. പോലീസും അധികാരവും സംന്യാസിസമൂഹത്തെ ബാധിക്കില്ല. ധര്മ്മത്തിന് വേണ്ടി നിലകൊള്ളുകയാണ് അവര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാഗ് ബസാറില്‍ ശാരദാദേവിയുടെ ജന്മഗൃഹമായ മേയര്‍ ബാരിക്ക് സമീപം ഭഗിനി നിവേദിത പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പദയാത്ര വിധാന്‍ സരണിയിലെ സ്വാമി വിവേകാനന്ദന്റെ ജന്മഗൃഹത്തിന് മുന്നിലാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: