Business

റേഞ്ച് റോവര്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി ടാറ്റ; 1970ന് ശേഷം ബ്രിട്ടനിലെ സോളിഹള്ളിന് പുറത്ത് ആദ്യമായി റേഞ്ച് റോവര്‍ നിര്‍മ്മിക്കുന്നത് പൂനെയില്‍

Published by

ന്യൂദൽഹി: ബ്രിട്ടനിലെ ജ​ഗ്വാർ ലാൻഡ് റോവര്‍ (ജെഎൽആർ) കമ്പനിയെ ടാറ്റ വാങ്ങിയ ശേഷം ഇതാദ്യമായി റേഞ്ച് റോവർ കാറുകള്‍ ഇന്ത്യയിൽ നിർമിക്കാന്‍ ടാറ്റാ മോട്ടോഴ്സ് തീരുമാനിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ബ്രിട്ടനിലെ സോളിഹള്ളില്‍ ഉള്ള ജെഎല്‍ആര്‍ പ്ലാന്‍റിന് പുറത്ത് റേഞ്ച് റോവര്‍ ഇതാദ്യമായി നിര്‍മ്മിക്കുന്നത്. അതും ഇന്ത്യയിലെ ടാറ്റ മോട്ടേഴ്സ്. കമ്പനിയുടെ പൂനെയിലുള്ള പ്ലാന്‍റില്‍. വാസ്തവത്തില്‍ നൂറു ശതമാനവും സ്വതന്ത്രമായ നിര്‍മ്മാണമല്ല അപ്പോഴും നടക്കുക. സോളിഹള്ളില്‍ നിന്നും പാര്‍ട്സുകള്‍ എത്തിച്ച ശേഷം പുനെയിലെ പ്ലാന്‍റില്‍ അസംബിള്‍ ചെയ്ത് റേഞ്ച് റോവര്‍ ആക്കി മാറ്റും. ഇതിനെ ഓട്ടോമൊബൈല്‍ ലോകത്ത് സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) എന്നാണ് പറയുക.

ഇന്ത്യ സമ്പന്ന ഉല്‍പനങ്ങളുടെ വിപണി
2008 ലാണ് ടാറ്റ ​ജ​ഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുത്തത്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്സ് എന്നീ റേഞ്ച് റോവറിന്റെ രണ്ട് കാറുകളുടെ (സംയോജനം അഥവാ പാര്‍ട്സുകളുടെ കൂട്ടിയോജിപ്പിക്കല്‍) ഉല്‍പാദനമാണ് പൂനെയില്‍ നടക്കുക. മെയ് 24 മുതല്‍ ഈ കാറുകൾ വിതരണത്തിനെത്തിക്കഴിഞ്ഞതായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. 2023 ൽ 4436 വാഹനങ്ങളാണ് ജെഎൽആർ ഇന്ത്യയിൽ വിറ്റഴിച്ചത്. 2022 നെ അപേക്ഷിച്ച് 81 ശതമാനം കൂടുതല്‍ വാഹനങ്ങളാണ് വിറ്റഴിച്ചത് എന്നത് ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവറിനുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്.

റേഞ്ച് റോവറിന്റെ അസംബ്ലിങ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി വിലയിൽ 18-22 ശതമാനം വരെ കുറവുണ്ടാകും. ഇതോടെ റേഞ്ച് റോവറിന്റെ വില 3.3 കോടിയൽ നിന്ന് 2.6 കോടിയായി കുറയും. റേഞ്ച് റോവർ സ്പോർട്സിന്റെ വില 1.8 കോടിയിൽ നിന്ന് 1.4 കോടിയായി താഴും.

ഇന്ത്യൻ വിപണി ഇപ്പോള്‍ വിലകൂടിയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെ വിപണിയായിക്കൂടി മാറിക്കഴിഞ്ഞു. ജ​ഗ്വാർ ലാർഡ് റോവറിന് ആവശ്യക്കാരേറെയാണ്. ഇന്ത്യന് വിപണിയില്‍ നല്ലതുപോലെ വിറ്റഴിക്കുന്നത് കൊണ്ട് കൂടിയാണ് ആഡംബരബ്രാന്‍റായ ലാൻഡ് റോവറിന്റെ നിർമാണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

കാറുല്‍പാദനം ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ നികുതി ഉയര്‍ത്തി മോദി സര്‍ക്കാര്‍

വിദേശ കാര്‍ കമ്പനികളുടെ നിര്‍മ്മാണം ഇന്ത്യയിലാക്കാനും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി ലഭിക്കാനും വേണ്ടി മോദി സര്‍ക്കാര്‍ ആഡംബരക്കാറുകളുടെ ഇറക്കുമതിക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിദേശ കാര്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കാര്‍ നിര്‍മ്മിച്ചാലേ പിടിച്ചുനില്‍ക്കാനാവൂ എന്ന സ്ഥിതിവിശേം കൈവന്നിരിക്കുകയാണ്.

ഇതോടെയാണ് ടാറ്റയും റേഞ്ച് റോവറിന്റെ ഉല്‍പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. കമ്പനിയെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇത്രയും കാലം ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ യുകെ പ്ലാൻ്റിലായിരുന്നു റേഞ്ച് റോവറുകൾ നിർമിച്ചിരുന്നത്. 100 ശതമാനം നികുതി കൊടുത്ത് റേഞ്ച് റോവര്‍ ഇറക്കുമതി ചെയ്ത് വിറ്റാല്‍ വില 22 ശതമാനം വരെ അധികമാവും. ഇതില്ലാതാക്കാനാണ് നിര്‍മ്മാണം ഇന്ത്യയിലാക്കിയത്. നൽകണം.

മൂന്ന് വര്‍ഷത്തില്‍ ജഗ്വാര്‍ ലാന്‍റ് റോവര്‍ ഇന്ത്യയില്‍ കരുത്തരാകും

54 വർഷത്തെ നീണ്ട ചരിത്രത്തിൽ ആദ്യമായാണ്, റേഞ്ച് റോവറും റേഞ്ച് റോവർ സ്‌പോർട്ടും യുകെയ്‌ക്ക് പുറത്ത് നിർമിക്കുന്നതെന്ന് ജെഎൽആർ ഇന്ത്യ എംഡി രാജൻ അംബ പറഞ്ഞു. ഇന്ത്യയിൽ നിർമിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് റേഞ്ച് റോവർ മോഡലുകൾക്കൊപ്പം റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്‌കവറി സ്‌പോർട്ട് എന്നിവയുടെ അസംബ്ലിംങും പൂനെ ഫാക്ടറിയിൽ നടക്കും. മൂന്ന് വർഷം കൊണ്ട് ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക