കൊച്ചി : ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ മുന്‍ സംഘടനാ നേതാവ് അനിമോന്‍ മലക്കം മറിഞ്ഞു. പണപ്പിരിവിന് ശബ്ദസന്ദേശം നല്‍കിയത് ബാര്‍ ഉടമകളുടെ ആസ്ഥാനം നിര്‍മ്മിക്കാനാണെന്നാണ് അനിമോന്‍ ഇപ്പോള്‍ പറയുന്നത്.
പണം നല്‍കാന്‍ തയാറുള്ളവര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പണം സംഘടനയുടെ അക്കൗണ്ടിലേക്കാണ് ഇടുന്നതെന്നും തന്നെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും അനിമോന്‍ പറഞ്ഞു. ബാറുടമ സംഘം പ്രസിഡന്റ് വി സുനില്‍ കുമാറിന്റെ വാദം ശരിവച്ചാണ് അനിമോന്റെ പ്രതികരണം
വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് അനിമോന്റെ പ്രതികരണം. കെട്ടിടവും സ്ഥലവും വാങ്ങാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. ബില്‍ഡിംഗ് ഫണ്ടില്‍ ഇടുക്കി ജില്ല സഹകരിക്കുന്നില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. സസ്പെന്റ് ചെയ്തെന്നു പറഞ്ഞപ്പോള്‍ ഇറങ്ങി പോയി. ആ സമയത്തെ മാനസികാവസ്ഥയില്‍ ഇട്ട ശബ്ദ സന്ദേശമെന്നും ഇത് എല്‍ഡിഎഫിനും, സര്‍ക്കാരിനും എതിരെ ആരോപണത്തിന് ഇടയാക്കിയെന്നും അനിമോന്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് ലഭിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശം അനിമോന്‍ പങ്കുവച്ചിരുന്നു. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നും സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ പറയുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ പ്രവര്‍ത്തന സമയം കൂട്ടാനുമുള്‍പ്പെടെ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇളവിനായി ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയതെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇത് വിവാദമായതോടെ പണപ്പിരിവിന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും സംഘടനയിലെ വിഭാഗീയത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു അനിമോനെ സസ്‌പെന്റ് ചെയ്തിരുന്നുവെന്നും ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ പറയുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: