തൊടുപുഴ/ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്നലെയും മിക്കയിടങ്ങൡലും ശക്തമായ മഴ ലഭിച്ചു. ഇതോടെ മഴക്കെടുതിയും കൂടി. പാലായില്‍ ഒരാള്‍ മുങ്ങി മരിച്ചു. പാലാ കരൂര്‍ ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ മഴയെത്തും. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തിയ ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ തീവ്രമായി. ഇന്ന് രാവിലെയോടെ തീവ്രന്യൂനമര്‍ദം ശക്തമായി റിമാല്‍ ചുഴലിക്കാറ്റ് രൂപമെടുക്കും. വൈകിട്ടോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തീവ്രച്ചുഴലിക്കാറ്റായി, ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് എത്തും. 26ന് അര്‍ധരാത്രി സാഗര്‍ ഐലന്‍ഡിനും ഖേല്‍പ്പുരയ്ക്കും ഇടയിലൂടെ കരകയറും. കരകയറുമ്പോള്‍ 120 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. കഴിഞ്ഞ വര്‍ഷം മെയില്‍ രൂപമെടുത്ത മോഖ എന്ന ചുഴലിക്കാറ്റ് അതിതീവ്രമായിരുന്നു.
തെക്കന്‍ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളിലുമായി രണ്ട് അന്തരീക്ഷച്ചുഴികള്‍ തുടരുകയാണ്. കാലവര്‍ഷം 31ന് എത്തുമെന്നാണ് പ്രവചനം. 65 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന നിരോധനം തുടരുകയാണ്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: