പാരിസ്: അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോകപ്പ് 2024 തീരുന്നതോടുകൂടി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറോദ്. ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ജിറോദ്. നിലവില്‍ എസി മിലാന് വേണ്ടി കളിച്ചുവരുന്ന താരം അടുത്ത സീസണ്‍ മുതല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലാവും പന്ത് തട്ടുക.
2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് രണ്ടാം ലോക കിരീടം നേടുമ്പോള്‍ നിര്‍ണായക പ്രകടനത്തോടെ ജിറോദും ടീമിലുണ്ടായിരുന്നു. ഇതുവരെ കളിച്ച 131 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് 57 ഗോളുകള്‍ നേടി. ഇതിഹാസ താരം തിയറി ഹെന്റിയുടെ റിക്കാര്‍ഡ് മറികടന്നാണ് ജിറോദ് ഈ നേട്ടം കൈവരിച്ചത്. ആഴ്‌സണലിനും ചെല്‍സിയയ്‌ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എസി മിലാനുമായുള്ള ജിറോദിന്റെ കരാര്‍ കാലാവധി അടുത്ത മീസം തീരും. തുടര്‍ന്ന് എംഎല്‍എസ് ക്ലബ്ബ് ലോസ് ആഞ്ചലിസ് എഫ്‌സിയുമായി ധാരണയിലെത്തിയിട്ടുണ്ട്. 18 മാസത്തേക്കാണ് അമേരിക്കന്‍ ക്ലബുമായുള്ള കരാര്‍.
2022 ഫിഫ ലോകകപ്പിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ജിറോദ്. ഫൈനല്‍ വരെ എത്തിയ ടീമിനായി നാല് ഗോളുകള്‍ നേടിയിരുന്നു. ഇത്തവണ യൂറോ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും പരിശീലകന്‍ ദിദിയര്‍ ദെസാംപ്‌സ് ഈ സ്‌ട്രൈക്കറുടെ പേര് കണിശമായി ഉള്‍പ്പെടുത്തി. ഇപ്പോള്‍ 37 വയസായി, അവസരം കാത്ത് നില്‍ക്കുന്ന യുവപ്രതിഭകള്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കേണ്ട സമയമെത്തിയിരിക്കുന്നു- വിരമിക്കല്‍ പ്രഖ്യാപനമറിയിച്ച് നടത്തിയ അഭിമുഖത്തില്‍ ജിറോദ് പറഞ്ഞു.
ജിറോദ് അടക്കമുള്ള ഇപ്പോഴത്തെ ഫ്രഞ്ച് ഫുട്‌ബോള്‍ തലമുറയ്‌ക്ക് കിട്ടാക്കനിയാണ് യൂറോ കിരീടം. ഇപ്പോഴത്തെ ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെസാംപ്‌സും ഇതിഹാസ താരങ്ങളായ സിനിദന്‍ സിദാനും തിയറി ഹെന്റിയും ഉള്‍പ്പെട്ട സുവര്‍ണ തലമുറയുടെ കാലത്ത് 2000ലാണ് ഫ്രഞ്ച് ടീം ഇതിന് മുമ്പ് യൂറോ കപ്പ് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: