വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് യുഎസിലെ സമിതി വിമര്‍ശിക്കാന്‍ കാരണം ആ സമിതിയില്‍ ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ആരും അംഗങ്ങളായി ഇല്ലാത്തതുകൊണ്ടാണെന്ന് വിമര്‍ശനം. അമേരിക്കയിലെ വിദേശ ഇന്ത്യക്കാരുടെ സംഘടനയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞത് വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന യുഎസ് സമിതിയായ യുഎസ് സിഐആര്‍ എഫ് (യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം) ആണ്.
മെയ് 14ന് രൂപീകരിച്ച യുഎസ് സിഐആര്‍എഫ് സമിതിയില്‍ പുതുതായി നിയമിച്ച മൂന്ന് അംഗങ്ങള്‍ മൗറീന്‍ ഫെര്‍ഗൂസണ്‍, വിക്കി ഹാട്സ്ലര്‍, ആസിഫ് മഹ്മൂദ് എന്നിവരാണ്. പഴയ രണ്ട് അംഗങ്ങളായ സ്റ്റീഫന്‍ സ്ക നെക്, എറിക് യുവെലാന്‍റ് എന്നിവരെ സമിതിയില്‍ വീണ്ടും തുടരാന്‍ അനുവദിക്കുകയും ചെയ്തു. മെയ് 14ന് കാലാവധി കഴിഞ്ഞ് വിരമിച്ച അംഗങ്ങള്‍ എബ്രഹാം കൂപ്പര്‍, ഡേവിഡ് കറി, ഫ്രെഡറിക് ഡേവി, മൊഹമ്മദ് മാഗിഡ്, നൂറി ടര്‍കെല്‍, ഫ്രാങ്ക് വുള്‍ഫ് എന്നിവരാണ്. ഇവരില്‍ ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ആരുമില്ല. സ്വാഭാവികമായും ഈ കമ്മിറ്റി ഇന്ത്യയെപ്പറ്റി പഠിച്ചാല്‍ പക്ഷപാതപരമായ, ഇന്ത്യാവിരുദ്ധമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണില്‍ ഉള്ള വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍റ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് (എഫ് ഐഐഡിഎസ്) ആരോപിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ പീഢനത്തിനിരയാകുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ലെന്നും ഉള്ള യുഎസ് സിഐആര്‍എഫിന്റെ കണ്ടെത്തല്‍ തികച്ചും പക്ഷപാതപരമാണ്ടെന്ന് വിദേശ ഇന്ത്യക്കാരുടെ സംഘടനയായ എഫ് ഐഐഡിഎസിന്റെ മേധാവി ഖണ്ഡേറാവു കാന്‍ഡ് പറയുന്നു. ഇന്ത്യയേയും ഹിന്ദുക്കളേയും കുറിച്ച് തെറ്റിദ്ധാരണാജനകവും അശാസ്ത്രീയവും സങ്കുചിതവും ഒരു വശം മാത്രം കാണുന്നതുമായ അഭിപ്രായപ്രകടനമാണ് യുഎസ് സിഐആര്‍എഫ് നടത്തുന്നതെന്നും ഖണ്ഡേറാവു കാന്‍ഡ് പറയുന്നു.
“അമേരിക്കയുടെ ജനസംഖയില്‍ ഒരു ശതമാനം ഹിന്ദുക്കളാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ഹിന്ദുമതം. യുഎസ് സിഐആര്‍എഫില്‍ ഈ മതത്തിന്റെ പ്രതിനിധികള്‍ ആരുമില്ല. അത്തരം പ്രതിനിധികളുടെ അഭാവത്തിലാണ് ഈ സമിതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെപ്പറ്റി തെറ്റായ അഭിപ്രായപ്രകടനം നടത്തുന്നത്.
“മെയ് 14ന് പുതുതായി രൂപീകരിച്ച സമിതിയിലും ഭാരതീയനായ ഒരു ഹിന്ദു ഇല്ല. ഈ ലോകത്തിലെ ആറില്‍ ഒരാള്‍ ഹിന്ദുവാണെന്നിരിക്കെ, ആ മതത്തിലെ ഒരു അംഗത്തെയും യുഎസ് സിഐആര്‍എഫില്‍ ഉള്‍പ്പെടുത്താതിരിക്കുക വഴി ആ സംഘടനയ്‌ക്ക് ചരിത്രപരമായ ഒരു അവസരമാണ് നഷ്ടമായത്. “-ഖണ്ഡേറാവു കാന്‍ഡ് പറയുന്നു. ” യുഎസ് സിഐആര്‍എഫ് പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യ ലംഘകരും മനുഷ്യാവകാശ ധ്വംസകരും ആയി പെരുമാറുന്ന മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയത് ഈ രാജ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്”. -ഖണ്ഡേറാവു കാന്‍ഡ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: