മഴയുടെ മറവില്‍ പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കി നദിയെ വിഷമയമാക്കുകയും മത്സ്യങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും, വലിയൊരു വിഭാഗത്തിന്റെ തൊഴില്‍ നഷ്ടമാക്കുകയും ചെയ്ത, ജനങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കിരാതവൃത്തി ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. പെരിയാറിന്റെ കരയിലെ വ്യവസായശാലകളാണ് നദിയിലേക്ക് വിഷജലമൊഴുക്കിയത്. മഴ കനക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ അതുവരെ ശേഖരിച്ചുവച്ചിരുന്ന രാസമാലിന്യങ്ങള്‍ അങ്ങേയറ്റം നിയമവിരുദ്ധമായും നിരുത്തരവാദിത്വത്തോടെയും നദിയിലേക്ക് ഒഴുക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആലുവ വ്യവസായ മേഖലയില്‍പ്പെടുന്ന ഏലൂര്‍ ഭാഗത്താണ് പുഴവെള്ളത്തിന് നിറവ്യത്യാസം കണ്ടു തുടങ്ങിയത്. പിന്നീട് ഇത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. പുഴയില്‍നിന്ന് രൂക്ഷമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നുനോക്കിയപ്പോഴാണ് ജലത്തിന്റെ അടിത്തട്ടില്‍ മത്സ്യങ്ങള്‍ ശ്വാസം കിട്ടാതെ മേല്‍ത്തട്ടിലേക്ക് പൊന്തിവരുന്നത് കാണുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നറിയാതെ മത്സ്യത്തൊഴിലാളികളും മറ്റും വലയുമായെത്തി മത്സ്യം കോരിയെടുത്തെങ്കിലും അധികം വൈകാതെ അവയെല്ലാം ചത്തൊടുങ്ങുകയായിരുന്നു. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ വന്‍തോതില്‍ മത്സ്യനാശം സംഭവിച്ചു. ഈ മത്സ്യങ്ങള്‍ വില്‍ക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ വലിയൊരു ദുരന്തം ഒഴിവായി. ഇതിനോടകം എത്രപേര്‍ ഇതു വാങ്ങിക്കൊണ്ടുപോയി വറുത്തും പൊരിച്ചുമൊക്കെ കഴിച്ചിട്ടുണ്ടെന്നു വ്യക്തമല്ല. പലതും ഭയക്കേണ്ടിയിരിക്കുന്നു.
അധികൃതരുടെ അനാസ്ഥ മൂലവും ആളുകളുടെ തോന്ന്യാസം കൊണ്ടും പെരിയാര്‍ മലിനമായൊഴുകാന് തുടങ്ങിയിട്ട് വളരെക്കാലമായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഒത്താശയോടെ നടന്ന മണല്‍ക്കൊള്ള പെരിയാറിനെ പലയിടങ്ങളിലും ഒരു തടാകംപോലെയാക്കിയിരുന്നു. ഒഴുക്കു നിലച്ച നദി ജീര്ണമാക്കിയിരിക്കുകയാണ്. മഴക്കാലത്താണ് ഇതിന് മാറ്റം വരുന്നത്. ഈ അവസരം മുതലെടുത്താണ് വ്യവസായശാലകള്‍ രാസമാലിന്യങ്ങള്‍ ഒഴുക്കിയത്. കനത്ത മഴയില്‍ വെള്ളം പൊങ്ങുമ്പോള്‍ രാസമാലിന്യം അതില്‍ ലയിച്ചുചേരുമെന്നും തിരിച്ചറിയാനാവില്ലെന്നും കരുതിയാണ് ഈ കടുംകൈ ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല. രാസമാലിന്യങ്ങളുടെ സാന്ദ്രത കൂടുകയും, അത് ഭക്ഷിച്ച മീനുകള്‍ ചത്തൊടുങ്ങുകയുമായിരുന്നു. ആരൊക്കെയാണ് ഈ സംഭവത്തിന് ഉത്തരവാദികള്‍? രാസമാലിന്യമൊഴുക്കിയ വ്യവസായ ശാലകള്‍ മാത്രമാണോ? അധികൃതരുടെ ഒത്താശയില്ലാത്ത ഇവര്‍ക്ക് ഇത് ചെയ്യാനാവുമെന്ന് ആരും കരുതുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഏതൊക്കെയാണ് പെരിയാറിന്റെ തീരത്തെ വ്യവസായ ശാലകളെന്നും, എന്തൊക്കെയാണ് ഇവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഈ ബോര്‍ഡിന് അറിയാത്തതാവില്ല. വ്യവസായശാലകളുടെ മാലിന്യക്കുഴലുകള്‍ നദിയുടെ അടിത്തട്ടിലേക്കാണ് തുറന്നുവച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്ക് അവ കാണാനാവില്ല. എന്നാല്‍ മലിനീകരണ ബോര്‍ഡിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. നിയമം അനുശാസിക്കുന്ന ശരിയായ പരിശോധന നടന്നിരുന്നെങ്കില്‍ വ്യവസായശാലകള്‍ക്ക് നദിയിലേക്ക് രാസമാലിന്യം ഒഴുക്കാന്‍ കഴിയുമായിരുന്നില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ ജനങ്ങള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത് സ്വാഭാവികം. അവരുടെ ജീവനും ജീവിതവുമാണല്ലോ അപകടത്തിലാകുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം നദിയിലേക്ക് രാസമാലിന്യമൊഴുക്കുന്നവര്ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന അധികൃതര്‍ക്കും പുതുമയുള്ള കാര്യമല്ല. മുന്‍കാലങ്ങളിലും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. അവയൊക്കെ താമസിയാതെ കെട്ടടങ്ങുകയാണ് പതിവ്. നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവരെ രക്ഷിക്കാന്‍ അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടവര് തന്നെ ശ്രമിക്കും. അതില്‍ വിജയിക്കുകയും ചെയ്യും. രാസമാലിന്യമല്ല, വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന പഴയൊരു റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് വാദിക്കുന്നത് ഒത്തുകളിയുടെ ഭാഗമായിരിക്കുമല്ലോ. ഇപ്പോള്‍ നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയവര്‍ ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്ന് ഉറപ്പാണ്. അധികൃതരുടെ ഒത്താശയോടെ പതിവായി ചെയ്യുന്ന കാര്യം ഇക്കുറി പാളിപ്പോയെന്നു മാത്രം. വ്യവസായ മന്ത്രിയുടെ സ്വന്തം നാട്ടില്‍ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് അറിയാത്തതല്ല. നിയമം അനുശാസിക്കുന്നവിധം സമയബന്ധിതമായ രീതിയില്‍ മാലിന്യം സംസ്കരിക്കാതെ നദികളിലേക്കൊഴുക്കുന്ന വ്യവസായശാലകളെ സംരക്ഷിക്കുന്നത് ഉദ്യോഗസ്ഥരാണ്. ജനപ്രതിനിധികള്‍ക്കും ഭരണാധികാരികള്‍ക്കും ഇതു തടയാന്‍ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അവരും ഈ ദൂഷിതവലയത്തിന്റെ ഭാഗമായി മാറുകയാണ്. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയത് ആരെന്നു കണ്ടെത്തി കടുത്ത ശിക്ഷനല്‍കുകയും വലിയ പിഴയീടാക്കുകയും ചെയ്തതുകൊണ്ടല്ലാതെ ഇത് തടയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: