കോട്ടയം: ഹിന്ദു സമൂഹത്തിന്റെ സ്വത്വ ബോധത്തിന്റെ വീണ്ടെടുപ്പായിരുന്നു വൈക്കം സത്യഗ്രഹം. കേരള നവോത്ഥാനവുമായി അത് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന സെമിനാറിന്റെ വിഷയം ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന് നിശ്ചയിച്ചതും. കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെ വൈക്കം സത്യഗ്രഹത്തിന്റെ അലയൊലികള്‍ മുഴങ്ങി.
ഗാന്ധിജിയുടെ ഇടപെടലാണ് വൈക്കം സത്യഗ്രഹത്തിന് ദേശീയശ്രദ്ധ നേടിക്കൊടുത്തത്. അതോടെയാണ് പഞ്ചാബില്‍ നിന്ന് അകാലിദളും തമിഴ്‌നാട്ടില്‍ നിന്ന് ദ്രാവിഡ കഴകവും ഇ.വി. രാമസ്വാമി നായിക്കരുമൊക്കെ ഈ സമരത്തിന് പങ്കെടുക്കാന്‍ ഇടയായത്. ഇതോടെ സമരം കൂടുതല്‍ വിപുലമായി. ഏഴെട്ടു മാസം പിന്നിട്ടപ്പോള്‍ ഒരു ദിവസം ശ്രീനാരായണ ഗുരുദേവനും സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. കാരണം, ഈ സമരം ഹിന്ദു സമൂഹങ്ങളുടെ ശുദ്ധീകരണത്തിന് വേണ്ടിയായിരുന്നു. ഗുരുദേവന് ഗാന്ധിജിയുടെ സഹന സമരത്തോട് വ്യത്യസ്തമായ നിലപടാണുണ്ടായിരുന്നത്, അത് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ നിലപാടുകള്‍ക്ക് 1924 ജൂണ്‍ 19ലെ യങ് ഇന്ത്യയില്‍ ഗാന്ധിജി, ഗുരുവിനോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും തട്ടാതെ മറുപടിയും നല്കിയിരുന്നു. ഗുരുദേവനാകട്ടെ പിന്നീട് ഗാന്ധിജിയോട് പ്രതികരിക്കാതിരിക്കുക വഴി സമരത്തിന്റെ ഊന്നല്‍ ചോര്‍ന്നുപോകാതെ നോക്കുകയും ചെയ്തു.
ഗുരുദേവന്‍ വൈക്കം സത്യഗ്രഹത്തിന് ആയിരം രൂപ സംഭാവനയും നല്കി. അക്കാലത്ത് അത് വലിയ തുകയായിരുന്നു. മാത്രമല്ല, ഗുരുവിന്റെ വിശ്വസ്ത ശിഷ്യന്മാരായ സ്വാമി സത്യവ്രതനേയും കോട്ടുകോയിക്കല്‍ വേലായുധനെയും സത്യഗ്രഹികളെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു. 1924 സപ്തംബര്‍ 27ന് ഗുരുദേവന് വൈക്കത്ത് നല്കിയ സ്വീകരണ യോഗത്തില്‍വച്ച് ഗാന്ധിജിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പരസ്യമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. 1925 മാര്‍ച്ചില്‍ ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടു.
ചരിത്ര പ്രസിദ്ധം സവര്‍ണ്ണ ജാഥ
മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സംഭവമായിരുന്നു. സവര്‍ണ്ണ ബോധവല്‍ക്കരണവും ഹൈന്ദവ ഏകീകരണവും ലക്ഷ്യം വച്ചുള്ള മുന്നേറ്റമായിരുന്നു ഈ ജാഥ. 1924 നവംബര്‍ ഒന്നിന് വൈക്കത്തുനിന്ന് ആരംഭിച്ച് 1925 മാര്‍ച്ച് 9ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കീഴാള സമൂഹങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് അനുഗുണമായി 25,000 സവര്‍ണ്ണരുടെ സമ്മതപത്രം സമാഹരിക്കാനായത് അതുവരെയുള്ള ഹൈന്ദവ ചരിത്രത്തിന് സുപരിചിതം അല്ലാത്ത ഒരു സംഭവമായിരുന്നു. സമാനമായ ഉദ്ദേശത്തോടെ ഡോ. എം.ഇ. നയിഡു നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സവര്‍ണ്ണ ജാഥയും നടത്തി. ഈ ജാഥകള്‍ സത്യഗ്രത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഇടയാക്കി.
സത്യഗ്രഹ സമരത്തിലുള്ള ദേശീയ പ്രാധാന്യം സമരത്തെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചു. ക്ഷേത്ര ഉടമകളായിരുന്ന ഇണ്ടംതുരുത്തി മനക്കാരുമായി ഗാന്ധിജി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയില്ല. ദിവാന്‍ രാഘവയ്യായുടെ ക്ഷണം സ്വീകരിച്ച് ഗാന്ധിജി രാജ കുടുംബാംഗങ്ങളുമായി ആശയ വിനിമയം നടത്തി. തുടര്‍ന്ന് തിരുവിതാംകൂര്‍ റീജന്റ് ആയിരുന്ന സേതുലക്ഷ്മി ഭായി മഹാറാണിയെ സന്ദര്‍ശിച്ച് സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് ബോധ്യപ്പെടുത്തി. തിരുവിതാംകൂറിലുണ്ടായ ക്ഷേത്ര പ്രവേശന വിളംബരം ഉള്‍പ്പടെയുള്ള സാമൂഹ്യമാറ്റങ്ങളുടെ ഉള്‍പ്പൊരുള്‍ വൈക്കം സത്യഗ്രഹമായിരുന്നു.
വൈക്കത്തുണ്ടായ ധാരണപ്രകാരം അഹിന്ദുക്കള്‍ സഞ്ചരിക്കാവുന്ന അതിര്‍ത്തി വരേയ്‌ക്കും ക്ഷേത്ര മതിലിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണ്ണര്‍ക്കും സഞ്ചരിക്കാന്‍ അനുവാദം ലഭിച്ചു. ഇത് ഒരു വലിയ മാറ്റത്തിന്റെ ചെറുതുടക്കമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക