പൂനെ: മദ്യലഹരിയില്‍ ആഡംബരക്കാറിടിപ്പിച്ച് രണ്ടുപേരെ കൊന്ന കേസിലെ പ്രതിയായ പതിനേഴുകാരന്റെ കുടുംബം മുമ്പ് അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ സഹായിയുമായി ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാള്‍ ഛോട്ടാ രാജനുമായി പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട കേസ് വിചാരണയിലാണ്.
2008- 09 കാലഘട്ടത്തില്‍ എസ്.കെ. അഗര്‍വാളും സഹോദരനും തമ്മില്‍ സ്വത്തുതര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ച് ബാങ്കോക്കില്‍വെച്ച് ഛോട്ടാ രാജന്റെ സഹായിയെ ഇയാള്‍ കണ്ടുവെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. 7500 രൂപ കെട്ടിവെക്കാമെന്നും ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ചെറുമകനെ നിര്‍ത്താമെന്നുമുള്ള മുത്തച്ഛന്റെ ഉറപ്പിന്മേലാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. നടപടി വിവാദമായതോടെയാണ് അച്ഛനെയടക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പത്തൊമ്പതിനാണ് പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവ എന്‍ജിനീയര്‍മാരായ മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത (24) എന്നിവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. 200 കിലോമീറ്ററോളം വേഗത്തിലാണ് കാറോടിച്ചിരുന്നത്. പ്രതിയുടെ അച്ഛനെക്കൂടാതെ മദ്യം നല്‍കിയ പബ്ബുടമകളും അറസ്റ്റിലാണ്.
‘അവര്‍ പണമുള്ളവരാണ്, രക്ഷിക്കാന്‍ പലരും ശ്രമിക്കും’: അമ്മ സവിത അവാഡിയ.
ആഡംബര കാര്‍ അമിത വേഗതയിലോടിച്ച് 17 കാരന്‍ പൂനെയില്‍ രണ്ട് എന്‍ജിനീയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മരിച്ച യുവാവ് അനിഷ് അവാഡിയയുടെ അമ്മ സവിത അവാഡിയ.
സംഭവം അപകടമല്ല കൊലപാതകമാണെന്ന് സവിത അവാഡിയ പ്രതികരിച്ചു. നഷ്ടം ഞങ്ങള്‍ക്കും കുടുംബത്തിനും മാത്രമാണ്. കൗമാരക്കാരന്‍ ചെയ്ത വലിയ തെറ്റിന് ഇരയാവുകയായിരുന്നു അനിഷും അശ്വനിയും. അവന്‍ ആ തെറ്റ് ചെയ്തിരുന്നില്ലെങ്കില്‍ ഇന്നും അനിഷ് ഞങ്ങള്‍ക്കൊപ്പമുണ്ടാവുമായിരുന്നു, സവിത അവാഡിയ പറഞ്ഞു.
തെറ്റുചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്കണം. അവനെ സംരക്ഷിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവര്‍ പണമുള്ളവരാണ്. അതുകൊണ്ട് ഏത് വിധേനയും അവനെ രക്ഷിക്കാന്‍ ശ്രമിക്കും.
ഈ മാസം മൂന്നിനാണ് എന്റെ മകനെ അവസാനമായി കണ്ടത്. മകന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനെ സമീപിക്കുമെന്നും സവിത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: