കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചു. ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മിക്കേല്‍.
വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. 48 കാരനായ സ്റ്റാറേ സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെയാണ് പരിശീലക രംഗത്തേക്കെത്തിയത്. 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്‌വെൻസ്‌കാൻ സ്റ്റാറേ സ്വന്തമാക്കിയിട്ടുണ്ട്.
സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മിക്കേല്‍ നേരത്തെ പരിശീലിപ്പിച്ചത്.
“മാനേജ്‌മെൻ്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എന്റെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാനും സാധിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – സ്റ്റാറേ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: