പത്തനംതിട്ട: നിങ്ങളുടെ കമ്പ്യൂട്ടറിനോ ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകള്‍ക്കോ ആസ്വഭാവികമായി പ്രവര്‍ത്തനവേഗം കുറയുന്നുണ്ടോ?
എങ്കില്‍ കരുതിയിരിക്കുക. നിങ്ങളുടെ കംപ്യൂട്ടറും ഇതര ഗാഡ്ജറ്റുകളും ക്രിപ്‌റ്റോ ജാക്കിങ്ങിന് വിധേയമായിട്ടുണ്ടാവാം. ക്രിപ്‌റ്റോ ജാക്കിങ് എന്ന സൈബര്‍ ആക്രമണം ലോകമെങ്ങും വ്യാപകമാകുകയാണ്.
ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ ഉപകരണങ്ങളില്‍ അസ്വഭാവികമായി പ്രവര്‍ത്തനവേഗത കുറയുകയും ബാറ്ററി അനിയന്ത്രിതമായി ചൂടാകുകയും തനിയെ ഓഫാകുകയും ഒക്കെ ചെയ്യുന്നത് ക്രിപ്‌റ്റോ ജാക്കിങ്ങിലൂടെ സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു എന്നതിന്റെ പ്രാരംഭ ലക്ഷണമാകാം.
ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര അന്വേഷണ ഏജന്‍സികള്‍ ഇത് സംബന്ധിച്ചു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഉപകരണത്തിന്റെ കമ്പ്യൂട്ടിങ് പവര്‍ സൈബര്‍ ക്രിമിനലുകള്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന് ഉപയോഗിക്കുന്നതിന്റെ അനന്തരഫലമാണ് നിങ്ങളുടെ കംപ്യൂട്ടര്‍ കാട്ടുന്ന മെല്ലെപ്പോക്ക്.
ക്രിമിനലുകള്‍ അയക്കുന്ന, ക്രിപ്റ്റോ-മൈനിംഗ് കോഡ് നിങ്ങളുടെ ഉപകരണത്തില്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ലിങ്കുകള്‍ ഉള്‍പ്പെട്ട ഇ-മെയിലുകള്‍ ശ്രദ്ധയില്ലാതെ തുറക്കുമ്പോഴോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് അറ്റാച്ച്മെന്റ് ഡൗണ്‍ലോഡ് ആകുമ്പോഴോ ആണ് കമ്പ്യൂട്ടറില്‍ ക്രിപ്റ്റോ മൈനിങ്ങിനു വഴി തുറക്കുക. ഇതിലൂടെ, ലിങ്ക് അയച്ച സൈബര്‍ കുറ്റവാളികള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ പൂര്‍ണ നിയന്ത്രണം തന്നെ ഏറ്റെടുത്തേക്കാന്‍ സാധ്യത ഉണ്ട്. കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍, ടാബ്ലെറ്റ് തുടങ്ങി സെര്‍വറുകള്‍ പോലും ക്രിപ്‌റ്റോ ജാക്കിങ്ങിനു വിധേയമാക്കാം.
ക്രിപ്റ്റോജാക്കിങ് ഒഴിവാക്കാന്‍
ക്രിപ്റ്റോ ജാക്കിങ്ങിന്റെ പ്രധാന വെല്ലുവിളി അധികം സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. അതിനാല്‍ ക്രിപ്റ്റോജാക്കിങ് ഒഴിവാക്കാന്‍ വെബ് ബ്രൗസറില്‍ ആന്റി ക്രിപ്റ്റോ മൈനിങ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ജാക്കിങ് നടന്നതായി ബോധ്യപ്പെട്ടാല്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യണം. ബ്രൗസിംഗ് തുടരുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന വെബ്സൈറ്റുകള്‍ തുറക്കരുത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ക്രിപ്റ്റോജാക്കിങ് പോലുള്ള ഓണ്‍ലൈന്‍ ചതിക്കുഴികളെ എപ്പോഴും കരുതിയിരിക്കുക. കാരണം അതൊരു നിശബ്ദ കൊലയാളിയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: