മുംബൈ : പൂനെ പോർഷെ അപകടക്കേസിൽ കുറ്റാരോപിതനായ കൗമാരക്കാരനെ രക്ഷിക്കാൻ താൻ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് എൻസിപി എംഎൽഎ സുനിൽ ടിങ്കെ. പൂനെ പോർഷെ കാർ അപകടത്തിൽപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സംഭവദിവസം രാത്രി പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതിയെ രക്ഷിക്കാൻ താൻ ഇടപെട്ടുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം പാടെ നിഷേധിച്ചു. അതേ സമയം സംഭവത്തിനു ശേഷം പ്രതിയുടെ പിതാവ് വിശാൽ അഗർവാൾ തന്നെ വിളിച്ച് തന്റെ മകൻ ഓടിച്ച വാഹനം അപകടത്തിൽ പെട്ടുവെന്ന് പറഞ്ഞുവെന്ന് ടിങ്കെ സമ്മതിച്ചു.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ താൻ സംഭവസ്ഥലത്തും തുടർന്ന് യെർവാഡ പോലീസ് സ്റ്റേഷനിലും പോയെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പ്രതികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയതിന് ശേഷമാണ് താൻ അവിടെ നിന്ന് പോയത്.
പോലീസിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പോലും സമ്മതിക്കും. അതുകൊണ്ടാണ് കേസെടുക്കുകയും തുടർനടപടികളും താമസം ഇല്ലാതെ നടത്തിയതെന്ന് എംഎൽഎ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകളും ആരോപണങ്ങളും തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച പുലർച്ചെയാണ് മഹാരാഷ്‌ട്രയിലെ പൂനെ നഗരത്തിലെ കല്യാണി നഗറിൽ വെച്ച് 17 കാരൻ ഓടിച്ച പോർഷെ കാർ രണ്ട് മോട്ടോർ ബൈക്കിൽ സഞ്ചരിച്ചിരുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരെ മാരകമായി ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്തിയത്. തുടർന്ന് പ്രതി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് മുംബൈയിലെ തന്നെ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ മകനായ കൗമാരക്കാരനെ പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി മണിക്കൂറുകൾക്ക് ശേഷം ജാമ്യം അനുവദിച്ചു.
എന്നാൽ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ പുനഃപരിശോധിക്കണമെന്ന ഹർജിയുമായി പൂനെ പൊലീസ് ബോർഡിനെ സമീപിച്ചതിനെ തുടർന്നാണിത്. യെരവാഡ ഏരിയയിലെ ഓഫീസിൽ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ബോർഡ് റിവിഷൻ ഹർജി പരിഗണിച്ചത്.
അഡീഷണൽ പോലീസ് കമ്മീഷണർ മനോജ് പാട്ടീൽ, ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്തും ചെയ്ത കുറ്റകൃത്യം നിന്ദ്യമാണ് എന്ന് പറഞ്ഞ് പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കിയ ഹർജിയുമായി പോലീസ് സെഷൻസ് കോടതിയെ സമീപിച്ചു.
എന്നാൽ, ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയുമായി ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. അതേ സമയം പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: