ന്യൂദല്‍ഹി: കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന് നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ നല്കിയ ജാമ്യ ഹര്‍ജിയില്‍ ഇടപെടാനാണ് സുപ്രീംകോടതി വിസമ്മതിച്ചത്. ഇതിനെ തുടര്‍ന്ന് ഹേമന്ത് സോറന് ഹര്‍ജി പിന്‍വലിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സോറന് വേണ്ടി ഹാജരായത്. ജാമ്യാപേക്ഷയില്‍ ചില വസ്തുതകള്‍ മറച്ചുവെച്ചെന്നും, ഹര്‍ജി പരിഗണിച്ചാല്‍ തള്ളുമെന്നും കോടതി അറിയിച്ചു. ഇതോടെ സോറന്റെ ജാമ്യ ഹര്‍ജി കപില്‍ സിബല്‍ പിന്‍വലിക്കുകയായിരുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്രയുമാണ് ഹര്‍ജി പരിഗണിച്ചത്.
ഹേമന്ത് സോറനെതിരായ കള്ളപ്പണ ഇടപാട് കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം ഝാര്‍ഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ജാമ്യാപേക്ഷയില്‍ പ്രതിപാദിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. കൂടാതെ ഉദ്യോഗസ്ഥരെ സോറന് ജാതീയമായി അധിക്ഷേപിച്ചതായി ഇ ഡിയും കോടതിയില്‍ ആരോപിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു സോറന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചതോടെ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറങ്ങാനുള്ള സാധ്യതക്കും മങ്ങലേറ്റു. മെയ് 25നാണ് ആറാംഘട്ട വോട്ടെടുപ്പ്, ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: