ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ശരിവച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീംകോടതി തള്ളിയതോടെ ഈ വിഷയം അടഞ്ഞ അധ്യായമായിരിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിച്ചുവെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ആധാരമായ രേഖകളില്‍ തെറ്റൊന്നുമില്ലെന്നും, ഇതിനാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പറഞ്ഞത്. കോടതിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിശോധിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്ക് വാദിക്കാന്‍ അവസരം നല്‍കണമെന്നുമുള്ള അപേക്ഷകളും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് നിരാകരിക്കുകയായിരുന്നു. പാര്‍ലമെന്റിന് സംസ്ഥാനത്തെ ഒന്നോ ഒന്നിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള അധികാരമുണ്ടോയെന്നതില്‍ അവ്യക്തതയുണ്ടാവാന്‍ പാടില്ലെന്നു പറഞ്ഞാണ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശരിവച്ചിരുന്നു. ഭരണഘടനയിലെ അധികാരം ഉപയോഗിച്ച് ഏത് സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനാവുമെന്ന് ഈ വിധിയില്‍ വ്യക്തമാക്കിയിരുന്നു.
ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനുശേഷവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് ഉണ്ടെന്നും, ഈ വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ചരിത്ര സാഹചര്യം പരിശോധിക്കുമ്പോള്‍ അതിനൊരു താല്‍ക്കാലിക സ്വഭാവമുള്ളതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ 2024 സെപ്തംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശവും നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി സമ്പൂര്‍ണമായും ശരിവച്ചുകൊണ്ടുള്ള വിധിയായിരുന്നു സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എന്തുവന്നാലും അനുവദിക്കില്ലെന്നും, മോദി നൂറുവട്ടം അധികാരത്തില്‍ വന്നാലും അതിന് കഴിയില്ലെന്നായിരുന്നു കശ്മീരിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വീരവാദം മുഴക്കിയിരുന്നത്. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയായിരുന്നു കോലാഹലമുണ്ടാക്കി മുന്നില്‍നിന്നത്. മെഹബൂബ മുഫ്തിയുടെ പിഡിപിയും സിപിഎമ്മുമൊക്കെ ഒപ്പം ചേര്‍ന്നു. ഇവരൊക്കെത്തന്നെയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കാതെ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഭാരതത്തില്‍ ലയിച്ചതോടെ ജമ്മുകശ്മീരിന്റെ ആഭ്യന്തര പരമാധികാരം റദ്ദായെന്നും കഴിഞ്ഞവര്‍ഷം ഡിസംബറിലെ വിധിയില്‍ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഇതിനെതിരായിരുന്നു ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തണമെന്ന ചില രാഷ്ട്രീയ കക്ഷികളുടെ വാദഗതികള്‍. കശ്മീര്‍ ദേശീയ മുഖ്യധാരയില്‍ ലയിക്കുന്നത് ഇഷ്ടപ്പെടാതിരുന്നവരാണ് വിഘടനവാദത്തിന് വളംവയ്ക്കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ശരിവച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു കാര്യം വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇത് അനുവദിച്ചാല്‍ സ്ഥിതിഗതികളെ കുഴപ്പങ്ങളിലേക്ക് നയിക്കും. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ കോടതികളില്‍ ചോദ്യം ചെയ്യുകയെന്നത് പ്രതിപക്ഷപാര്‍ട്ടികള്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ച് ജനങ്ങളില്‍ സംശയം നിലനിര്‍ത്തുകയാണ് ഇതിന്റെ ദുഷ്ടലാക്ക്. ജമ്മുകശ്മീരിന്റെ കാര്യത്തില്‍ ബിജെപിക്കും മോദി സര്‍ക്കാരിനും യാതൊരു രഹസ്യ അജണ്ടയുമില്ല. ഈ വകുപ്പ് റദ്ദാക്കണമെന്നത് ബിജെപിയുടെ പരമപ്രധാനമായ ആവശ്യങ്ങളിലൊന്നായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ നിരന്തരം ഉന്നയിച്ചുപോരുന്ന ആവശ്യവുമാണിത്. ബിജെപിയുടെ പ്രകടനപത്രികകളില്‍ ഈ ആവശ്യം ഒരിക്കല്‍പ്പോലും ഉള്‍പ്പെടുത്താതിരുന്നിട്ടില്ല. കശ്മീരിലെ മുന്നണി സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോഴും ബിജെപി ഈ ആവശ്യത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല. കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പാകിസ്ഥാനെ മാത്രമാണ് സഹായിച്ചുകൊണ്ടിരുന്നത്. രാജ്യാന്തര വേദികളില്‍ കശ്മീര്‍ പ്രത്യേകമാണെന്ന് വാദിക്കാന്‍ പാകിസ്ഥാന് അവസരം നല്കി. ഈ വകുപ്പ് ഇല്ലാതായതോടെ കശ്മീരിലെ ജനത ദേശീയ മുഖ്യധാരയില്‍ അലിഞ്ഞുചേരുന്നതാണ് കണ്ടത്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുള്ളയില്‍ 59 ശതമാനം വോട്ടു രേഖപ്പെടുത്തിയത്. ഇതൊരു റെക്കോര്‍ഡാണ്. കശ്മീരിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ എടുത്തു വരുന്ന നടപടികള്‍ ശരിയാണെന്ന് ഇതുതെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: