തൊടുപുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഇടിയും. കാസര്‍കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. അതിനിടെ അതിതീവ്ര മഴയ്ക്കും ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. കാസര്‍കോട്ടെ മടിക്കൈയിലാണ്.
ഇന്നലെ വൈകിട്ട് കൃഷിയിടത്തില്‍വച്ചു മിന്നലേറ്റ് ബങ്കളം സ്വദേശി ബാലന് (70) മരിച്ചത്. കോട്ടയം, എറണാകുളം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്നലെ കനത്ത മഴയായിരുന്നു. ചിലയിടങ്ങളില്‍ ഉച്ചയ്ക്കു തുടങ്ങിയെങ്കില്‍ ചില സ്ഥലങ്ങളില്‍ വൈകിട്ടാണ് മഴ ആരംഭിച്ചത്. തുള്ളിക്കൊരു കുടം കണക്കേയായിരുന്നു മഴ.
തെക്കന്‍ കേരളത്തിലും എറണാകുളം അടക്കമുള്ള ജില്ലകളിലും മഴ ശക്തമായിരുന്നു. പലയിടത്തും രാവിലെ തുടങ്ങിയ മഴ ഇന്നലെ രാത്രിയിലും പെയ്തൊഴിഞ്ഞിട്ടില്ല. കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. ഉച്ചയോടെയാണ് മധ്യകേരളത്തില്‍ മഴയെത്തിയത്. തീരമേഖലകളിലെല്ലാം വ്യാപകമായ മഴ കിട്ടി.
ഇന്നലെ ഉച്ചയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മേഘക്കൂട്ടം കരയിലെത്തി നാശം വിതയ്ക്കുകയായിരുന്നു. താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ടുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു.
ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദത്തിന്റെ പ്രവചനം.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 24നു രാവിലെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി തീവ്രമാകും. പിന്നീടും സമാന ദിശയില്‍ത്തന്നെ നീങ്ങി കൂടുതല്‍ ശക്തി പ്രാപിച്ച് 25ന് വൈകിട്ട് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തും. ഇതിനു ശേഷമാകും ചുഴലിക്കാറ്റാകാനുള്ള സാധ്യത. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം 25 വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു വിലക്കുണ്ട്. ന്യൂനമര്‍ദം കൂടിയെത്തിയതിനാല്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം കടല്‍ക്ഷോഭവുമെത്തുന്നതിനാല്‍ തീരത്തെ ഇത് സാരമായി ബാധിക്കും. ഉയര്‍ന്ന തിരമാല മൂലം വലിയ നാശത്തിനും ഇടയുണ്ട്. 31ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം.
ഒരു മണിക്കൂറില്‍ 10 സെ.മീ. മഴ; ആലപ്പുഴയില്‍ മേഘ വിസ്ഫോടനം
തൊടുപുഴ: ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാവിലെ ഒരു മണിക്കൂറിനിടെ പെയ്തത് 10 സെ.മീ. മഴ. രാവിലെ പത്തരയോടെയാണ് മഴ ആരംഭിച്ചത്. 11 മണിയോടെ ശക്തമായി.
പന്ത്രണ്ട് ആയപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് തുടര്‍ന്നു. ഈ ഒരു മണിക്കൂറിലാണ് 10 സെ.മീറ്ററോളം മഴ കിട്ടിയത്. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത് 10 സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് മേഘ വിസ്ഫോടനം.
സംസ്ഥാനത്തു തന്നെ അപൂര്‍വമായാണ് ഇത്തരം മഴ. രണ്ടു മണിക്കൂറില്‍ അഞ്ചു മുതല്‍ 10 സെ.മീ. വരെ ലഭിക്കുന്നതാണ് മിനി മേഘ വിസ്ഫോടനം. അടുത്ത കാലത്തായി ഇത്തരം മഴ കേരളത്തില്‍ പതിവാണ്. ഇതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണം.
ഇന്നലെ കോട്ടയം, എറണാകുളം, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മിനി മേഘ വിസ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: