Kerala

നിത്യനിദാന ചെലവിനു ഖജനാവില്‍ പണമില്ല; ഡ്രൈ ഡേ പിന്‍വലിച്ചേക്കും

Published by

തിരുവനന്തപുരം: ഖജനാവില്‍ പണമില്ലാത്തതിനാല്‍ അധിക വരുമാനം ലക്ഷ്യമിട്ട് ഒന്നാം തീയതികളിലുള്ള ഡ്രൈ ഡേ പിന്‍വലിച്ചേക്കും. ഇതിലൂടെ 1500 കോടി അധിക വരുമാനം കൈവരിക്കാമെന്നാണ് കണക്കുകൂട്ടല്‍. ബാറുകളുടെ പ്രവര്‍ത്തനം രാത്രി 12 വരെ ദീര്‍ഘിപ്പിക്കലും പരിഗണനയിലുണ്ട്.

പണമില്ലാതെ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും തദ്ദേശ സ്ഥാപനങ്ങളിലെ വികസനം ഉള്‍പ്പെടെ തടസ്സപ്പെട്ടതും ജീവനക്കാരുടെ ശമ്പളം വൈകുന്നതുമാണ് ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരീനെ പ്രേരിപ്പിക്കുന്നത്. പരിധിക്കപ്പുറം കടമെടുക്കാനുള്ള അനുവാദം തേടി കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയേറ്റതോടെയാണ് മദ്യം കുടിപ്പിച്ചു പണം തട്ടുകയെന്ന മദ്യനയവുമായി പിണറായി വിജയന്‍ രംഗത്തെത്തിയത്. ഡ്രൈ ഡേ ആചരണം ടൂറിസം മേഖലയെ ബാധിക്കുമെന്നും ദേശീയ, അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സുകളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിനു കാരണമാകുമെന്നും ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.

ഇതിനിടെ കള്ളുഷാപ്പുകള്‍ ലേലം ചെയ്യുന്നതുപോലെ ബിവറേജസ് ഔട്ട്‌ലെറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് സൂചന. മദ്യ ഉത്പാദനം വര്‍ധിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. അധിക വരുമാനത്തിനായി മധുര പലഹാരങ്ങളിലും കേക്കുകളിലും മറ്റും ഉപയോഗിക്കുന്ന മദ്യ ഉത്പന്നങ്ങള്‍ക്കു പ്രോത്സാഹനം നല്കാനും ലക്ഷ്യമിടുന്നു. മസാല ചേര്‍ത്ത വൈനുകള്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും തേടുന്നു. ഇത് കൃഷിവകുപ്പു സെക്രട്ടറിയുടെ ചുമതലയിലാകും നടപ്പാക്കുക.

ഡ്രൈ ഡേ മാറ്റണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സെക്രട്ടറിതല കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. അധിക വരുമാനത്തിന് മദ്യക്കച്ചവടമല്ലാതെ സര്‍ക്കാരിനു മറ്റു മാര്‍ഗമില്ല. പുതിയ മദ്യനയത്തിനു മുന്നോടിയായാണ് യോഗം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വന്ന ശേഷമുള്ള എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക