കണ്ണൂര്‍: പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് സിപിഎം നേതൃത്വം നിര്‍മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിവാദം ഭയന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിട്ടുനിന്നു. പകരം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
പരിപാടിയില്‍ എം.വി. ഗോവിന്ദന് പങ്കെടുക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഗോവിന്ദന് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം നേതൃത്വം പ്രദേശത്ത് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനെചൊല്ലി വിവാദമുണ്ടായി. എന്നാല്‍ മരണപ്പെട്ടവര്‍ രക്തസാക്ഷികളാണെന്ന് ജില്ല ഘടകം ഉറപ്പിച്ച് പറഞ്ഞപ്പോള്‍ സംസ്ഥാന ഘടകവും അതിന് വഴങ്ങുകയായിരുന്നു.
2015 ജൂണ്‍ ആറിനാണ് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകരായ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് ഇതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഇതേക്കുറിച്ച് മറുപടി പറയേണ്ട ഉത്തരവാദിത്വം സിപിഎമ്മിന് ഇല്ലെന്നുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഇരുവരും മരണപ്പെട്ടതെന്നായിരുന്നു അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ പ്രതികരണം.
സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ ജില്ലാ സെക്രട്ടറി തള്ളിയതും അന്ന് ചര്‍ച്ചയായിരുന്നു. അവരുടെ ഒന്നാം ചരമവാര്‍ഷികം മുതല്‍ തന്നെ സിപിഎം പ്രദേശത്ത് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് കണ്ണൂര്‍ ജില്ലയില്‍ ബോംബ് നിര്‍മാണം നടക്കുന്നുവെന്നത് ശരിവെക്കുന്നതാണ് സ്ഫോടനത്തിനിടെ മരണപ്പെട്ടവര്‍ക്ക് സിപിഎം തന്നെ മുന്‍കയ്യെടുത്ത് സ്മാരകം നിര്‍മിക്കുന്നത്. എം.വി. ഗോവിന്ദന്റെ വിട്ടു നില്ക്കല് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: