ഐപിഎലില്‍ ആര്‍സിബിയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് രാജസ്ഥാന് റോയല്‍സ്. ബെംഗളൂരുവിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ്് രണ്ടാം ക്വാളിഫയറിന് രാജസ്ഥാന് റോയല്‍സ് യോഗ്യത നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് ലക്ഷ്യത്തിലെത്തി.
മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമാണ് റോയല്‍ ചലഞ്ചേഴ്സിന് ലഭിച്ചത്. ആവേശ് ഖാന്റെയും ആര്. അശ്വിന്റെയും ബൗളിങ് മികവാണ് ആര്‍സിബിയെ വലിയ റണ്‍നിരക്കില്‍ നിന്ന് തടഞ്ഞത്. വിരാട് കോഹ്ലി(33)യും കാമറോണ്‍ ഗ്രീനും(27) അടക്കമുള്ള താരങ്ങള്‍ പൊരുതിയെങ്കിലും റണ്‍നിരക്ക് കാര്യമായ് ഉയര്‍ന്നിരുന്നില്ല. ഒടുവില്‍ മഹിപാല്‍ ലോംറോര്‍ നടത്തിയ വെടിക്കെട്ടാണ് ടീമിന് പൊരുതാവുന്ന നിലയിലാക്കിയത്. 17 പന്ത് നേരിട്ട ലോംറോര്‍ രണ്ട് സിക്സും രണ്ട് ഫോറും സഹിതം 32 റണ്‍സെടുത്തു.
ഫാഫ് ഡുപ്ലെസ്സിയെ(17) പുറത്താക്കി പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ആണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അശ്വിന്റെ വിക്കറ്റ് കൊയ്ത്ത്തുടങ്ങി. അപകടകാരിയായ ഗ്ലെന്‍ മാക്സ്വെലിനെ നേരിട്ട ആദ്യ പന്തില്‍ പുറത്താക്കി അശ്വിന് കാര്യങ്ങള്‍ എളുപ്പമാക്കി. പിന്നീട് അപകടം വിതയ്ക്കുമെന്ന് തോന്നിച്ച ലോംറോറിനെയും ദിനേശ് കാര്‍ത്തിക്കിനെയും ആവേശ് ഖാന് മടക്കിയയച്ചു. അവസാന പന്തില്‍ കാണ് ശര്‍മയെ സന്ദീപ് ശര്‍മ പുറത്താക്കി.
മറുപടി ബാറ്റിംഗില്‍ പതിവുപോലെ പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. യശസ്വി ജയ്സ്വാള്‍ 45 റണ്‍സുമായി ഭേദപ്പെട്ട തുടക്കം നല്കി.
പവര്‍പ്ലേയ്ക്ക് ശേഷം സ്വപ്നില്‍ സിംഗിനെ സഞ്ജു ഒരു സിക്സിനും ജൈസ്വാള്‍ രണ്ട് ബൗണ്ടറിയ്ക്കും പറത്തിയപ്പോള്‍ ഓവറില്‍ നിന്ന് 17 റണ്‍സാണ് പിറന്നത്. ഈ കൂട്ടുകെട്ട് 35 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുമ്പോളാണ് കാമറണ്‍ ഗ്രീന്‍ വിക്കറ്റുമായി രംഗത്തെത്തിയത്. 30 പന്തില്‍ 45 റണ്‍സ് നേടിയ ജൈസ്വാളിനെയാണ് ഗ്രീന്‍ പുറത്താക്കിയത്.
പത്തോവര്‍ പിന്നിടുമ്പോള്‍ 85/2 എന്ന നിലയിലായിരുന്ന രാജസ്ഥാന് തൊട്ടടുത്ത പന്തില്‍ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായി. കരണ്‍ ശര്‍മ്മയെ സ്റ്റെപ് ഔട്ട് ചെയ്ത് സിക്സര്‍ പറത്തുവാന്‍ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ രാജസ്ഥാന് നായകന് 13 പന്തില്‍ 17 റണ്‍സാണ് നേടിയത്.
എന്നാല്‍ വിക്കറ്റുകള്‍ വീണത് രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ റിയാന്‍ പരാഗിന് കൂട്ടായി ഷിമ്രോണ്‍ ഹെറ്റ്മയര്‍ വന്നതോടെ കളി മാറി. ഹെറ്റ്മയര്‍ ആഞ്ഞടിച്ചപ്പോള്‍ പരാഗിന്റെ സമ്മര്‍ദ്ദം കുറഞ്ഞു.
26 പന്തില്‍ 36 റണ്‍സുമായി പരാഗ് പുറത്തായപ്പോള്‍ രാജസ്ഥാന് ജയം ഉറപ്പിച്ചിരുന്നു. 14 പന്തില്‍ 26 റണ്‍സുമായാണ് ഹെറ്റ്മയര്‍ പുറത്തായത്. പിന്നാലെ വന്ന റോവ്മാന്‍ പവലാണ് രാജസ്ഥാനെ സിക്സറിലൂടെ വിജയത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: