ന്യൂദല്‍ഹി: താരപ്രചാരകരുടെ പ്രസംഗങ്ങളില്‍ മാതൃകാ പെരുമാറ്റചട്ടലംഘനമുണ്ടാകരുതെന്നും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കാണ് കമ്മിഷന് ഇതുസംബന്ധിച്ച് കത്തയച്ചിരിക്കുന്നത്. പാര്‍ട്ടിയെ നയിക്കുന്നവര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നാണ് കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
പെരുമാറ്റ ചട്ടലംഘനമുണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയിക്കാന്‍ വേണ്ടിയുള്ള മത്സരം മാത്രമല്ല, തങ്ങളെ ഏറ്റവും നല്ല മാതൃകയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ്. ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കത്തിലുണ്ട്.
ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് റാലികളിലെ താരപ്രചാരകരുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പരാതികളില്‍ ഇരുപാര്‍ട്ടി അധ്യക്ഷന്മാര്ക്കും നോട്ടീസ് അയക്കുകയും വിശദീകരണം തേടുകയും ചെയ്ത ശേഷമാണ് കമ്മിഷന് വീണ്ടും കത്ത് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: