കൊച്ചി: കേന്ദ്ര ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ ആയി തമിഴ്നാട്ടില്‍ സേവനമനുഷ്ഠിക്കുന്ന ഷാജി പി. ജേക്കബ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കും. 1988ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) പ്രവേശിച്ച ഇദ്ദേഹം കഴിഞ്ഞ 35ലേറെ വര്‍ഷങ്ങളിലായി എറണാകുളം, കൊല്ലം, ബെംഗളുരു, ചെന്നൈ, പനാജി, ട്രിച്ചി എന്നീ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി സ്വദേശിയായ ഷാജി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദവും പിന്നീട് ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദവും നേടി. ഭാര്യ ഇരിങ്ങാലക്കുട പുല്ലോക്കാരന്‍ കുടുംബാംഗം സിമി (കെഎസ്ഇ ലിമിറ്റഡ് ഡയറക്ടര്‍). മകന്‍ സിദ്ധാര്‍ത്ഥ്.
ആദായനികുതി വകുപ്പിന് വേണ്ടി ഇദ്ദേഹം വാദിച്ച നൂറില്‍പരം കേസുകള്‍ വിവിധ നിയമവാരികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദായ നികുതി സംബന്ധിച്ചുള്ള കോടതി വിധികളെ കുറിച്ച് തയ്യാറാക്കിയ കേസ് ലോ ഇന്‍ ഫേവര്‍ ഓഫ് ഡിപ്പാര്‍ട്ട്മെന്റ് എന്ന പുസ്തകം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) ഒന്നാം പതിപ്പ് 2009ലും രണ്ടാം പതിപ്പ് 2012ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരില്‍ സിബിഡിറ്റി ഇതുവരെ പ്രസിദ്ധീകരിച്ച ഏക ഗ്രന്ഥമാണിത്. ഭാരതത്തിലെ ആദായനികുതി പരിഷ്‌കരണത്തിനുള്ള വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്നു. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകളെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയ ഇദ്ദേഹം ഈ വര്‍ഷം മുതല്‍ യുഎഇയില്‍ ആദായനികുതി നടപ്പാക്കുന്നതിനെ കുറിച്ച് അടുത്തിടെ എഴുതിയ ലേഖനവും വളരെ ശ്രദ്ധേയമാണ്.











