മാവേലിക്കര: സാമൂഹിക സമരസതയ്‌ക്കും ഹൈന്ദവ നവോത്ഥാനത്തിനും വേണ്ടി ആത്മസമര്‍പ്പണം ചെയ്ത കര്‍മയോഗിയായിരുന്നു അന്തരിച്ച ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണ പിള്ള.
മികച്ച ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കുടിലെന്നോ കൊട്ടാരമെന്നോ ഭേദം കൂടാതെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതുകൊണ്ടു തന്നെ ഏവര്‍ക്കും സ്വീകാര്യനും സര്‍വ്വസമ്മതനുമായിരുന്നു.
മാവേലിക്കര മേഖലകളില്‍ സംഘപ്രവര്‍ത്തനം തുടങ്ങുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനു ശേഷം അധ്യാപന വൃത്തിയില്‍ പ്രവേശിച്ചുവെങ്കിലും, സമാജ സേവനം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ചെട്ടികുളങ്ങരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്നു.
സ്വന്തം ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ച്, ത്യാഗബുദ്ധിയോടു കൂടി സമാജസേവനം നടത്തിക്കൊണ്ടിരുന്നു. അധ്യാപന കാലയളവില്‍ ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 1984ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു പോരുന്ന അദ്ദേഹം, തുടര്‍ച്ചയായ ഏഴ് വര്‍ഷം ആലപ്പുഴ ജില്ലയുടെ അദ്ധ്യക്ഷനായിരുന്നു. ഈ കാലയളവില്‍ ഹൈന്ദവ നവോത്ഥാനത്തിനും സാമുദായിക ഐക്യത്തിനും ഊന്നല്‍ നല്‍കി സാമൂഹിക സമരസതയുടെ പ്രയോക്താവായി അദ്ദേഹം നിലകൊണ്ടു.
ഹൈന്ദവ സമാജത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും സാമുദായിക ഏകോപനം സാധ്യമാക്കുന്നതിനും അദ്ദേഹം തന്റെ പ്രായം കണക്കാക്കാതെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. മുഖ്യധാരാ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകള്‍ തമസ്‌കരിച്ച നവോത്ഥാന നായകനും വൈക്കം സത്യഗ്രഹ സംഘാടകനും ആയിരുന്ന ടി.കെ. മാധവന്റെ സ്മരണാര്‍ത്ഥം, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചെട്ടികുളങ്ങരയില്‍ ടി.കെ. മാധവ സ്മൃതി സാമൂഹിക സമരസതാ പുരസ്‌കാരസമിതി രൂപീകരിക്കുകയും സമിതിയുടെ ചെയര്‍മാനായി 15 വര്‍ഷക്കാലം അദ്ദേഹം തുടരുകയും ചെയ്തു.
സാമൂഹിക സമരസതാ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ സമിതി എല്ലാവര്‍ഷവും പുരസ്‌കാരം നല്‍കിപ്പോരുന്നു. ചെട്ടികുളങ്ങരയിലെ ഹൈന്ദവ കരയോഗങ്ങളുടെ രൂപീകരണ വിഷയത്തിലും ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അബ്രാഹ്മണ പൂജാരി വിവാദ വിഷയത്തിലും വിശാല ഹൈന്ദവ ഐക്യത്തിനു വേണ്ടി നിലകൊണ്ട കാര്യകര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: