ജറുസലേം:ഇസ്രായേല്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ലെന്ന് വിദേശകാര്യമന്ത്രി കാറ്റ്സ്. ഹമാസിനെ തകര്‍ക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ നാട്ടിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളായ നോര്‍വേയും അയര്‍ലന്‍ഡും സ്പെയിനും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഗാസയിലെ യുദ്ധം ഇസ്രയേല്‍ തുടരുന്നതിനിടെയാണ് നിര്‍ണായക നീക്കവുമായി മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 35, 562 പേരാണ് കൊല്ലപ്പെട്ടത്.പരിക്കേറ്റത് 79, 552 പേര്‍ക്കാണ്. ഭക്ഷണത്തിനും മരുന്നിനും ജനം ബുദ്ധിമുട്ടുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പാലസ്തീനിലെ ഹമാസ് തീവ്ര വാദികള്‍ ഇസ്രായേലില്‍ കടന്നുകയറി നടത്തിയ ആക്രമണത്തില്‍ 1139 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ഇസ്രായേലികള്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഹമാസിന്റെ ഈ ആക്രമണമാണ് ഇസ്രായേലിനെ തിരിച്ചടിക്ക് പ്രേരിപ്പിച്ചത്. ഇത് പലസ്തീനില്‍ കൊടിയ നാശം വിതച്ചു.
സമാധാനം കൈവരുത്താന്‍ വിവിധ രാജ്യങ്ങള്‍ മധ്യസ്ഥത ശ്രമങ്ങളുമായി എത്തിയെങ്കിലും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. ഇതിനിടെയാണ് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത്. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്ന് സ്ഥാനപതിമാരെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുളളത്.ഇപ്പോള്‍ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി അംഗീകാരം നല്കി.എന്നാല്‍ രക്ഷാകൗണ്‍സിലിലെ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: