വിഴിഞ്ഞം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയോടൊപ്പം തീരദേശത്തെ ഇളക്കിമറിച്ച് കനത്ത കാറ്റും വീശി. കൂറ്റന്‍ മരങ്ങള്‍ ഒടിഞ്ഞ് വീണും കടപുഴകിയും വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോടെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. രാത്രിയിലും വിശ്രമമില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വിഴിഞ്ഞം, പൂവാര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍.
കഴിഞ്ഞ ദിവസങ്ങളിലാണ് ജനത്തെ പേടിയിലാഴ്‌ത്തി കാറ്റ് വീശിയത്. അപ്രതീക്ഷിതമായ കാറ്റിപ്പെട്ട് നിരവധി വാഹനങ്ങളും വഴിയില്‍ കുടുങ്ങി. വീടുകളുടെ രക്ഷയ്‌ക്കും റോഡു ഗതാഗതം സുഗമമാക്കുന്നതിന്നും മുന്‍ഗണന നല്‍കിയായിരുന്നു ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി രാജേഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീടിനും കാറിനും ഇലക്ട്രിക് ലൈനിനും നാശമുണ്ടായി. ചാവടിനടയില്‍ ക്ഷേത്ര കോമ്പൗണ്ടില്‍ നിന്ന ആല്‍മരവും തെങ്ങും കടപുഴകി സമീപത്തെ വീടിന് മേല്‍പതിച്ചു. മുക്കോലയിലും കല്ലുവെട്ടാന്‍ കുഴിയിലും ബൈപാസിന്റെ സര്‍വീസ് റോഡിന് കുറുകെ മരം വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും പൊട്ടി ഗതാഗതം സ്തംഭിച്ചു.
കോവളം കെ.എസ്. റോഡിലും പടിഞ്ഞാറെ പൂങ്കുളം, ടൂറിസം കേന്ദ്രമായ ഹൗവ്വ ബീച്ച് റോഡ്, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞം, കോവളം മേഖലയില്‍ വ്യാപകമായി വീണ മരങ്ങളില്‍ പകുതിപോലും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞിരംകുളം മാവിളയില്‍ അര്‍ജുനന്റെ വീടിന് പുറത്തു കൂടി കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണു. വീടിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. പുത്തന്‍കടയില്‍ കുട്ടപ്പന്റെ വക പ്ലാവ് കടപുഴകി വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും തകര്‍ന്നു. കഴിവൂര്‍ പ്ലാവുവിള സ്വദേശി വിനോദിന്റെ വീടിന് മുകളില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന അക്കേഷ്യമരം വീണ് കാര്‍ തകര്‍ന്നു. വീടിന് കേടുവരുത്തിയ മരം വൈദ്യുതി ലൈനും തകര്‍ത്ത് റോഡിന് കുറുകെ വീണു.
തിരുപുറം വിജയകുമാര്‍, പുതിയതുറയില്‍ മോഹനന്‍ എന്നിവരുടെ വീടിന് മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായി. പൂവാര്‍ ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റി. മാറാടി, നരിക്കുഴി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ക്ക് മേല്‍ അപകടകരമായ രീതിയില്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റാനാകാതെ ഫയര്‍ഫോഴ്‌സ് മടങ്ങി. മരച്ചില്ലകള്‍ ഒടിഞ്ഞു വീണും വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും രാത്രിയില്‍ മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. കെഎസ്ഇബിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: