ന്യൂദൽഹി : ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. തന്റെ സർക്കാരിനെ ജയിലിൽ നിന്ന് പ്രവർത്തിപ്പിക്കണമെന്ന് വാശിപിടിച്ച് ദൽഹിയിലെ ജനങ്ങളെ അദ്ദേഹം നിരാശരാക്കിയെന്ന് പറഞ്ഞു.
നോർത്ത് വെസ്റ്റ് ദൽഹിയിലെ സ്ഥാനാർത്ഥി യോഗേന്ദ്ര ചന്ദോലിയയെ പിന്തുണച്ച് നടത്തിയ റോഡ് ഷോയിലാണ് സിംഗ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ജയിലിൽ കിടക്കുന്ന ഒരു മുഖ്യമന്ത്രി അവിടെ നിന്ന് ഭരണം നടത്തുമെന്ന് ഉറപ്പിച്ച് പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ജയിലിൽ നിന്നുള്ള ജോലിക്ക് സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണ്. കെജ്‌രിവാൾ ദൽഹിയിലെ ജനങ്ങളെ നിരാശരാക്കിയെന്നും സിംഗ് പറഞ്ഞു.
എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ വസതിയിൽ വച്ച് ആക്രമിച്ച സംഭവത്തിലും പ്രതിരോധമന്ത്രി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. “ശീഷ്മഹലിൽ” (ദൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെക്കുറിച്ചുള്ള പരാമർശം) ഒരു സ്ത്രീയെ മർദിച്ചു എന്നാൽ അതേക്കുറിച്ച് കെജ്‌രിവാൾ ഒരക്ഷരം പോലും മിണ്ടിയില്ല. കുറ്റാരോപിതനായ അദ്ദേഹത്തിന്റെ പിഎയെ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലഖ്‌നൗവിൽ അദ്ദേഹത്തോടൊപ്പം കണ്ടിരുന്നുവെന്നും സിംഗ് പറഞ്ഞു.
ഇതിനു പുറമെ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ രാഷ്‌ട്രീയത്തിൽ വരരുതെന്ന് ആഗ്രഹിച്ച തന്റെ ഗുരു അണ്ണാ ഹസാരെയെ കെജ്‌രിവാൾ അപമാനിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം പാർട്ടി പിരിച്ചുവിടണമെന്ന് ഉപദേശിച്ച മഹാത്മാഗാന്ധിയുടെ വിശ്വാസം കോൺഗ്രസും തകർത്തുവെന്നും സിംഗ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. 2014 ൽ അധികാരത്തിൽ വന്നതിന് ശേഷം 7-8 വർഷത്തിനുള്ളിൽ മോദി സർക്കാർ ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി. ഇന്ത്യ 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള സഖ്യം 400 സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു. ഇന്ത്യ ഒരു മഹാശക്തിയാകാൻ പോകുകയാണെന്നും ലോകത്തെ ഒരു ശക്തിക്കും അതിന്റെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടയാനാവില്ലെന്നും സിംഗ് തറപ്പിച്ചു പറഞ്ഞു.
അതേ സമയം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 400 സീറ്റുകൾ നേടുമെന്നും തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: