തിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ മറികടന്ന് കേരള യൂണിവേഴ്‌സിറ്റി അദ്ധ്യാപക സംഘടനാ നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാന്‍ വഴിവിട്ട നീക്കം. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവും നിലവിലെ സെനറ്റ് അംഗവുമായ ഡോ. എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നല്കാനാണ് നീക്കം. ഇതിനെതിരേ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള വിസിക്കു നിവേദനം നല്കി.
യുജിസി ചട്ടമനുസരിച്ച് അസി. പ്രൊഫസറായി 12 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായാലേ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്‌ക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഡോ. എസ്. നസീബിന് സംസ്‌കൃത സര്‍വകലാശാലയില്‍ അസോ. പ്രൊഫസറായി 1997-98ലെതാത്കാലിക നിയമനത്തിലൂടെ ഒന്നര വര്‍ഷത്തെ പരിചയമാണ് 26 വര്‍ഷം കഴിഞ്ഞ് സ്ഥാനക്കയറ്റത്തിനു പരിഗണിക്കുന്നത്. നസീബിന് അസി. പ്രൊഫസര്‍ ഹയര്‍ ഗ്രേഡ് അനുവദിച്ചപ്പോള്‍ താത്കാലിക കരാര്‍ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ല.
അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യ ശമ്പളത്തിലുള്ള താത്കാലിക നിയമനങ്ങളേ അസോ. പ്രൊഫസര്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാന്‍ പാടുള്ളൂ. ഡോ. നസീബിന് ഈ ശമ്പളം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുജിസി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റിയുടെ ഐക്യൂഎസി (ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്‍) ഡയറക്ടര്‍ അംഗീകരിക്കണം. നിലവിലുണ്ടായിരുന്ന ഡയറക്ടര്‍ നസീബിന്റെ അപേക്ഷയില്‍ ഒപ്പുവയ്‌ക്കാന്‍ വിസമ്മതിച്ചു.
ഡയറക്ടര്‍ വിരമിച്ചതോടെ ഡയറക്ടറുടെ താത്കാലിക ചുമതല നല്കിയിട്ടുള്ള പ്രൊഫസര്‍ സ്ഥാനക്കയറ്റം അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു. ഫയല്‍ ഇപ്പോള്‍ വിസിയുടെ പരിഗണനയിലാണ്. ഫയലില്‍ ഒപ്പിടാന്‍ വിസിക്ക് മേല്‍ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: