അറുപത് കൊല്ലം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പടുത്തു. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ജനങ്ങളുടെ വയറുകള്‍ ഭക്ഷണം കിട്ടാതെ ഒട്ടിക്കിടന്നപ്പോള്‍ അവരുടെ അലമാരകള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുനിറഞ്ഞു.
ഈസ്റ്റ് ചമ്പാരന്‍(ബിഹാര്‍): നാല് തലമുറകളെ നശിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സംഭാവനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അറുപത് വര്‍ഷമാണ് അവര്‍ തുലച്ചു കളഞ്ഞത്, ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്‍ഡി മുന്നണിയുടെ പാപങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്നോട്ടുപോകാന്‍ ഭാരതത്തിനാകില്ല,. അഞ്ച് ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്‍ഡി മുന്നണി സമ്പൂര്‍ണമായി തോറ്റിരിക്കുന്നു. അഴിമതിയുടെയും പ്രീണനത്തിന്റെയും വിഘടനത്തിന്റെയും രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധി ജൂണ്‍ നാലിന് പുറത്തുവരും. അറുപത് കൊല്ലം കൊണ്ട് ഈ നേതാക്കള്‍ വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പടുത്തു. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ജനങ്ങളുടെ വയറുകള്‍ ഭക്ഷണം കിട്ടാതെ ഒട്ടിക്കിടന്നപ്പോള്‍ അവരുടെ അലമാരകള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുനിറഞ്ഞു. പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പള്ളിക്കൂടവാതിലുകള് അടഞ്ഞുകിടന്നപ്പോള്‍ അവരുടെ കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോയി. ദുരിതത്തിലായിരുന്ന ജനങ്ങളുടെ ജീവിതം പഴയതിനേക്കാള്‍ ദുരിതത്തിലായി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ഥിതി മാറി. ശൗചാലയങ്ങളും വൈദ്യുതിയും എല്ലാ വീട്ടിലും എത്തി. ഓരോ വീട്ടിലും പാചകവാതകമെത്തി. എല്ലാ വീട്ടിലും കുടിവെള്ളമെത്തി.
മോദിയെ തെറി പറയുകയല്ലാതെ അവര്‍ക്കെന്താണ് അജണ്ട? ചിലര്‍ പറയുന്നത് മോദിക്ക് ശവകുടീരം തീര്‍ക്കുമെന്നാണ്. ചിലര്‍ക്കെന്നെ ദഹിപ്പിക്കണം. കോണ്‍ഗ്രസിന്റെ രാജകുമാരന് മോദി കരയുന്നത് കാണണം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി പിറന്നവര്‍ക്ക് കഠിനാധ്വാനത്തിന്റെ വിലയറിയില്ല. ജൂണ്‍ നാലിന് ശേഷം കാണാമെന്നാണ് ചിലരുടെ വെല്ലുവിളി. എന്റെ പ്രാര്‍ത്ഥന രാജ്യത്തെ ഒരു പൗരനും ജീവിതത്തില്‍ ഒരാളും ക്ഷീണിതനായി വിശ്രമിക്കേണ്ടി വരരുതെന്നാണ്. എല്ലാവരും ഓരോ നിമിഷവും ഓരോ അണുവിലും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണം, മോദി പറഞ്ഞു.
ഇന്‍ഡി മുന്നണിയുടെ താല്പര്യങ്ങള്ക്ക് രാജ്യത്തെ വിട്ടുതരാനാവില്ല. നിങ്ങളുടെ കണ്ണില്‍ മോദി ഒരു മുള്ളാണെന്നത് വസ്തുതയാണ്. പക്ഷേ ജനങ്ങളുടെ ഹൃദയത്തിലാണ് മോദിക്ക് സ്ഥാനം.
പതിറ്റാണ്ടുകളായി കുടിയേറ്റക്കാരുടെ മണ്ണായി ബിഹാര്‍ മാറിയിരിക്കുന്നു. അത് അവസാനിപ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പരിശ്രമിക്കും. ബിഹാറിലെ യുവാക്കള്‍ക്ക് തൊഴിലുറപ്പ് വരുത്തുന്നതിനാണ് മുന്‍ഗണന, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: